രാംഗോപാല്‍ വര്‍മയുടെ രംഗീലയിലൂടെ ഇന്ത്യന്‍ യുവത്വത്തിന്റെ മനസ്സില്‍ ചേക്കേറിയതാണ് ഊര്‍മിള മതോന്ദ്കർ. മാദകത്വത്തിന്റെ മറുപേരായിരുന്നു പിന്നീട് കുറേക്കാലം ഊര്‍മിള എന്ന നായിക. തൊണ്ണൂറുകളില്‍ ഇന്ത്യയുടെ സെക്സ് സിംബല്‍ എന്ന പട്ടവും രംഗീല ഊര്‍മിളയ്ക്ക് ചാര്‍ത്തിക്കൊടുത്തു.

എന്നാല്‍, രംഗീലയുടെ പിറവിക്ക് പിന്നില്‍ ഏറെയൊന്നും അറിയപ്പെടാത്തൊരു രഹസ്യമുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം സംവിധായകന്‍ രാംഗോപാല്‍ വര്‍മ തന്നെയാണ് ആ രഹസ്യം പുറത്തുവിട്ടത്. അത് മറ്റൊന്നുമായിരുന്നില്ല ഊര്‍മിളയെന്ന നായികയുടെ മാദക സൗന്ദര്യം തന്നെ. ഊര്‍മിളയുടെ സൗന്ദര്യം പകര്‍ത്തുക എന്ന ഒരൊറ്റ ഉദ്ദേശ്യത്തിലാണ് രംഗീലയെടുത്തത് എന്നാണ് ബ്ലോഗില്‍ വര്‍മ പറയുന്നത്.

സിനിമയില്‍ എത്തിയശേഷം എന്നില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ ആദ്യത്തെ പെണ്‍കുട്ടിയാണ് ഊര്‍മിള. അവളുടെ സൗന്ദര്യത്തില്‍ ഭ്രമിച്ചുപോവുകയായിരുന്നു ഞാന്‍. മുഖസൗന്ദര്യത്തെയും ശരീരസൗന്ദര്യത്തെയും ദിവ്യമെന്നേ വിശേഷിപ്പിക്കാനാവൂ. രംഗീലയ്ക്ക് മുന്‍പ് ഏതാനും ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിരുന്നെങ്കിലും പ്രേക്ഷകരില്‍ അത്ര സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. രംഗീലയുടെ വരവോടെ ഊര്‍മിള രാജ്യത്തിന്റെ രതിബിംബം തന്നെയായി മാറി.

ഊര്‍മിളയുടെ സൗന്ദര്യം എക്കാലത്തേയ്ക്കും വേണ്ടി പകര്‍ത്തിവയ്ക്കുകയും അവരെ രതിബിംബങ്ങളുടെ അളവുകോലാക്കുകയും ചെയ്യുക എന്നതായിരുന്നു രംഗീല എടുക്കുമ്പോള്‍ എന്റെ പ്രധാന ഉദ്ദേശ്യം. രംഗീലയുടെ സെറ്റില്‍ വച്ച് ഊര്‍മിളയെ ക്യാമറയിലൂടെ കണ്ടതില്‍ പരം ഒരു മികവ് സിനിമയില്‍ ഞാന്‍ പിന്നീട് അനുഭവിച്ചിട്ടില്ല.

ഊര്‍മിളയെ ഇങ്ങിനെ സുന്ദരിയാക്കിയത് ഞാനാണെന്ന് ഇതിന് അര്‍ഥമില്ല.  അവളൊരു മനോഹരമായ പെയിന്റിങ്ങാണ്. ഞാന്‍ അത് ഒരു ഫ്രെയിമിലാക്കി. അത്രയേയുള്ളൂ. ഒരു പെയിന്റിങ് പൂര്‍ണമാവണമെങ്കില്‍ അതിന് ഫ്രെയിം മാത്രം മതിയാവില്ല. യഥാസ്ഥാനത്ത് പ്രതിഷ്ഠിക്കുക കൂടി വേണം. അതാണ് രംഗീല.

ഊര്‍മിളയെ എന്നും ഒരു അതിമാനുഷയായി കാണാനായിരുന്ന എനിക്ക് ആഗ്രഹം. അതാണ് എനിക്ക് പറ്റിയ തെറ്റ്. അവരെ ഒരു സാധാരണ സ്ത്രീയായി കാണാന്‍ എനിക്ക് കഴിയുമായിരുന്നില്ല. അതൊരു അയഥാര്‍ഥമായ പ്രതീക്ഷയായിരുന്നുവെന്ന് അറിയാം. പക്ഷേ, ഞാനൊരു ചലച്ചിത്ര പ്രവര്‍ത്തകനാണെന്ന് ഓര്‍ക്കണം. വ്യക്തി എന്ന നിലയില്‍ സുന്ദരമായൊരു ഹൃദയത്തിന് ഉടമയായിരുന്നു അവര്‍. ഞാനാവട്ടെ അവരെ യഥാര്‍ഥ ജീവിതത്തിലും അമാനുഷികയായി കാണാന്‍ ആഗ്രഹിച്ച ഒരു സ്വാര്‍ഥനും-വര്‍മ ബ്ലോഗില്‍ തുറന്നെഴുതി.

രംഗീലയ്ക്കുശേഷം രാംഗോപാൽ വർമയുമായി ഏറെക്കാലം അടുപ്പം പുലർത്തിയ ഊർമിള പിന്നീട് പിരിയുകയും കഴിഞ്ഞ വർഷം ബിസിനസുകാരനും മോഡലുമായ അക്തര്‍ മിറിനെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിന് ഊർമിളയെ അഭിനന്ദിച്ചവരില്‍ രാംഗോപാല്‍ വര്‍മയും ഉണ്ടായിരുന്നു. ഞാന്‍ ജോലി ചെയ്തവരുടെ കൂട്ടത്തില്‍ ഏറ്റവും സുന്ദരിയായ നടിയുടെ വിവാഹ വാര്‍ത്ത കേട്ടയില്‍ സന്തോഷമുണ്ട്. അവരുടെ ജീവിതം എക്കാലത്തും രംഗീലയാകുമെന്ന് ആശംസിക്കുന്നു-രാംഗോപാല്‍ വര്‍മ ട്വിറ്ററില്‍ കുറിച്ചു.