കോഴിക്കോട്: ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് കോഴിക്കോട് ഒന്നാം അഡീഷണൽ മുൻസിഫ് കോടതി തീർപ്പാക്കി.

രണ്ടാമൂഴത്തിന്റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥകൾ തിരിച്ചുകിട്ടാൻ 2018-ൽ എം.ടി. വാസുദേവൻ നായർ നൽകിയ ഹർജിയിലാണ് വെള്ളിയാഴ്ച അനുകൂല തീരുമാനമുണ്ടായത്. ഈ തിരക്കഥകളുടെ ഒറിജിനലും ഇലക്ട്രോണിക് പകർപ്പുകളും എം.ടി.ക്ക് അവകാശപ്പെട്ടതാണെന്നും ഇതുപയോഗിക്കാൻ സംവിധായകൻ വി.എ. ശ്രീകുമാർ മേനോന് അവകാശമുണ്ടായിരിക്കില്ലെന്നും വിധിയിൽ വ്യക്തമാക്കി.

2014-ലാണ് രണ്ടാമൂഴം സിനിമയാക്കാൻ എം.ടി.യും ശ്രീകുമാർ മേനോനുമായി കരാറൊപ്പിട്ടത്. രണ്ടുവർഷത്തിനകം സിനിമയുണ്ടാക്കുമെന്നായിരുന്നു കരാർ. മൂന്നുവർഷം കഴിഞ്ഞിട്ടും സിനിമാ ജോലികൾ തുടങ്ങാത്തതിനാൽ 2018-ൽ തിരക്കഥ തിരികെച്ചോദിച്ച് എം.ടി. കോടതിയെ സമീപിച്ചു.

കാലാവധി കഴിഞ്ഞതിനാൽ കരാർ അസാധുവായെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

തർക്കത്തിൽ മധ്യസ്ഥത വേണമെന്ന വാദവുമായി ശ്രീകുമാർ മേനോൻ രംഗത്തെത്തിയതോടെ കേസ് സുപ്രീംകോടതി വരെ പോയി. ഒടുവിൽ, അഡ്വാൻസ് തുകയായ ഒന്നേകാൽ കോടി രൂപ എം.ടി.യിൽനിന്നു കൈപ്പറ്റി തിരക്കഥ തിരിച്ചുനൽകാമെന്ന ഒത്തുതീർപ്പിലെത്തി. സുപ്രീംകോടതി അംഗീകരിച്ച ഈ വ്യവസ്ഥ കോഴിക്കോട് ഒന്നാം അഡീഷണൽ മുൻസിഫ് കോടതിയെ അറിയിച്ചു. ഇതോടെയാണ് എം.ടി.യുടെ ഹർജി കോടതി തീർപ്പാക്കിയത്.

സിനിമ ഈ പ്രതിസന്ധി കഴിഞ്ഞ് -എം.ടി

രണ്ടാമൂഴം സിനിമയാക്കാൻ പറ്റുന്ന അന്തരീക്ഷമല്ല ഇപ്പോഴെന്ന് എം.ടി. വാസുദേവൻ നായർ. കോവിഡ് കാരണം സിനിമയുടെ ജോലികളെല്ലാം നിലച്ചിരിക്കുകയാണല്ലോ. വലിയ സിനിമകളുടെ നിർമാണം നടത്താവുന്ന അന്തരീക്ഷമല്ല ഇപ്പോൾ. ഇപ്പോഴത്തെ പ്രയാസമൊക്കെ ഒന്നു കഴിയട്ടെ. തിരക്കഥ കഴിഞ്ഞയാഴ്ചതന്നെ തന്നിരുന്നു. ഇനി സിനിമ നിർമിക്കാനുള്ള അന്തരീക്ഷം ശരിയാവട്ടെ. ഇപ്പോൾ അതേക്കുറിച്ച് ഒന്നും പറയുന്നില്ല -എം.ടി. പറഞ്ഞു.

Content Highlights : Randamoozham Movie issue resolved MT Vasudevan Nair VA Shrikumar