ന്റെ വലതു കണ്ണിന് കാഴ്ചയില്ലെന്ന വെളിപ്പെടുത്തലുമായി റാണാ ദഗ്ഗുബാട്ടി. ഒരു ടെലിവിഷന്‍ ചാനല്‍ പരിപാടിയിലാണ് റാണ ഇങ്ങനെ പറഞ്ഞത്. 2016 ല്‍ നല്‍കിയ അഭിമുഖം ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ശാരീരിക വൈകല്യങ്ങളെ ആത്മവിശ്വാസം കൊണ്ട് മറികടക്കാന്‍ സാധിക്കുമെന്നും നമുക്ക് മാതൃകയാക്കാന്‍ കഴിയാവുന്ന നിരവധി പ്രതിഭകള്‍ ലോകത്തില്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും റാണാ പറഞ്ഞു. 

'എന്റെ ഇടതു കണ്ണിന് മാത്രമേ കാഴ്ചയുള്ളു. കുട്ടിക്കാലം മുതലേ വലതു കണ്ണിന് കാഴ്ചയില്ല. ഏതോ മഹത് വ്യക്തി മരണാനന്തരം അദ്ദേഹത്തിന്റെ ഒരു കണ്ണ് എനിക്ക് ദാനമായി തന്നു. എങ്കിലും കാഴ്ച തിരിച്ചു കിട്ടിയില്ല. ഇടത് കണ്ണ് പൂട്ടിയാല്‍ എനിക്ക് ഒന്നും കാണാന്‍ സാധിക്കില്ല. നമ്മളില്‍ പലര്‍ക്കും ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകാം. എന്നാല്‍ തളര്‍ന്ന് പോകരുത്. ഉയര്‍ത്തെഴുന്നേല്‍ക്കണം. ആത്മവിശ്വാസമുണ്ടെങ്കില്‍ ഏത് പ്രതിസന്ധികളെയും മറികടക്കാം'- റാണ പറഞ്ഞു.

ബാഹുബലി തന്റെ എക്കാലത്തെയും സ്വപ്‌നമാണെന്ന് റാണ പറഞ്ഞു.

'ഭല്ലാലദേവന്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ എന്റെ ഭൂരിഭാഗം സമയവും ഞാന്‍ ബാഹുബലിക്കായി മാറ്റിവച്ചു. ആ കഠിനാധ്വാനത്തിന് ഫലമുണ്ടായിരിക്കുന്നു. എനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി.

അന്ധരായ കുഞ്ഞുങ്ങള്‍ക്ക് പ്രചോദനമാകേണ്ടത് മാതാപിതാക്കളാണ്. ഒരു കണ്ണിന്റെ തകരാറ് പോലും എന്നെ അലട്ടിയിരുന്നു. എന്നാല്‍ പഠിക്കാനും വിജയിക്കാനും എന്നെ പോത്സാഹിപ്പിച്ചത് മാതാപിതാക്കളാണ്'- റാണ കൂട്ടിച്ചേര്‍ത്തു.