ബാഹുബലിയിൽ റാണയും പ്രഭാസും | ഫോട്ടോ: www.facebook.com/RanaDaggubati
ഇന്ത്യൻ സിനിമാ വ്യവസായത്തിലെ തന്നെ ഒരു നാഴികക്കല്ലാണ് രാജമൗലി സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ബാഹുബലി-ദ ബിഗിനിങ്. ബ്രഹ്മാണ്ഡം എന്ന വാക്കിന് പുതിയ നിർവചനം കൂടിയായിരുന്നു ചിത്രം. എന്നാൽ ബാഹുബലിയുടെ നിർമാണ സമയത്ത് നിർമാതാക്കൾ സാമ്പത്തികമായി ഏറെ കഷ്ടപ്പെട്ടിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിലെ വില്ലൻ വേഷത്തിലെത്തിയ റാണാ ദഗ്ഗുബട്ടി.
ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബാഹുബലി നിർമാതാക്കളുടെ ബുദ്ധിമുട്ടും മാനസിക സംഘർഷവും എത്രമാത്രമായിരുന്നെന്ന് റാണ വിശദീകരിച്ചത്. മൂന്ന് നാല് വർഷങ്ങൾക്കുമുമ്പ് ചലച്ചിത്ര നിർമാതാക്കളും സംവിധായകരും സിനിമയ്ക്കായി നിക്ഷേപം നടത്തിയതെങ്ങനെയാണെന്ന് റാണ ചോദിച്ചു. അവർ സ്വന്തം വീടും വസ്തുവകകളും ബാങ്കിൽ പണയം വെയ്ക്കുകയാണ് ചെയ്തിരുന്നത്. ബാഹുബലിയുടെ കാര്യമെടുത്താൽ 400 കോടി രൂപ 24 മുതൽ 28 ശതമാനം വരെ പലിശയ്ക്കെടുത്താണ് നിർമിച്ചതെന്നും റാണ വ്യക്തമാക്കി.
"180 കോടി രൂപ അഞ്ചര വർഷത്തേക്ക് 24 ശതമാനം പലിശയ്ക്ക് വാങ്ങിയാണ് ബാഹുബലിയുടെ ആദ്യഭാഗം നിർമിച്ചത്. ബാഹുബലിയുടെ ഒന്നാംഭാഗത്തിന്‍റെ നിർമാണം വലിയൊരു പോരാട്ടമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിലരംഗങ്ങളും ഒന്നാം ഭാഗത്തിനൊപ്പം ചിത്രീകരിച്ചിരുന്നു. ബാഹുബലി പരാജയപ്പെട്ടിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന് ഇപ്പോഴും അറിയില്ല". റാണ പറഞ്ഞു. പൽവാൽ ദേവൻ എന്ന കഥാപാത്രത്തേയാണ് ചിത്രത്തിൽ റാണ അവതരിപ്പിച്ചത്.
2015-ൽ ഇന്ത്യൻ ബോക്സോഫീസിൽ ചലനങ്ങളുണ്ടാക്കിയ ചിത്രമായിരുന്നു ബാഹുബലി. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യമുയർത്തിയാണ് ആദ്യഭാഗം അവസാനിച്ചത്. ഈ ചോദ്യം തന്നെയായിരുന്നു രണ്ടാം ഭാഗത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് ആക്കംകൂട്ടിയതും. ബാഹുബലി : ദ ബിഗിനിങ് ബോക്സ്ഓഫീസിൽ ₹650 കോടി രൂപ നേടിയിരുന്നു. 2017 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം 562 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്.
പ്രഭാസ്, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി, റാണ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ സത്യരാജ്, നാസ്സർ, രമ്യ കൃഷ്ണൻ, പ്രഭാകർ തുടങ്ങിയവരും അഭിനയിച്ചിരുന്നു. ആദ്യഭാഗത്തിൽ അതിഥിവേഷത്തിൽ കന്നഡ സൂപ്പർതാരം കിച്ച സുദീപയുമുണ്ടായിരുന്നു.
Content Highlights: rana daggubati about bahubali series making, ss rajamouli, anushka shetty, thamannah


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..