തിരുവനന്തപുരം: മാപ്പ് പറയാനോ 'അമ്മ' സംഘടനയിലേക്ക് തിരിച്ചു പോകാനോ ഉദ്ദേശമില്ലെന്ന് രമ്യ നമ്പീശന്‍. കെപിഎസി ലളിത സ്വീകരിച്ച നിലപാടില്‍ സ്ത്രീവിരുദ്ധതയുണ്ട്. 

എല്ലാം സഹിച്ചാല്‍ മാത്രമെ 'അമ്മ'യ്ക്കുള്ളില്‍ നിലനില്‍ക്കാന്‍ സാധിക്കൂ എന്നാണ് അവര്‍ പറയുന്നത്. പക്ഷെ ഞങ്ങള്‍ക്കതിന് സാധിക്കില്ല. ഞങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. എല്ലാം സഹിച്ച് നില്‍ക്കുന്നവരുടെ യുക്തി എന്താണെന്ന് അറിയില്ല. കെപിഎസി ലളിതയുടെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെ സങ്കടപ്പെടുത്തി.

'അമ്മ' സംഘടന ആരുടെ കൂടെ നില്‍ക്കുന്നു എന്നത് വ്യക്തമാണ്. ഇങ്ങനെ ഒരു നിലപാട് കൈക്കൊള്ളാന്‍ എങ്ങനെ കഴിഞ്ഞു എന്നതും എന്നെ അത്ഭുതപ്പെടുത്തി. WCC  പുരുഷവിരുദ്ധവും 'അമ്മ' വിരുദ്ധവും ആണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഈ സംഘടനക്ക് അങ്ങനെ ഒരു ലക്ഷ്യമില്ല. എല്ലാവരും കൈകോര്‍ത്ത് മുന്നോട്ട് പോകണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ ആവശ്യമായ സമയത്ത് പ്രതികരിക്കേണ്ടേയെന്നും രമ്യ നമ്പീശന്‍ പറഞ്ഞു.
 
WCC എന്ന സംഘടന സിനിമാ മേഖലയെയും മറ്റ് സംഘടനകളെയും തകര്‍ക്കാന്‍ വേണ്ടി രൂപംകൊണ്ടതാണെന്നും ഉള്ള പ്രചരണങ്ങള്‍ മനപ്പൂര്‍വമാണ്. ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്നതാണ് പൊതുവെയുള്ള രീതി. സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങള്‍ അതിന്റെ തെളിവാണ്.  ആ അക്രമങ്ങള്‍ പെയ്ഡാണ് എന്നത് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും.  സിനിമാ വ്യവസായത്തില്‍ ശുദ്ധീകരണം വേണമെന്നും ഉറച്ചു വിശ്വസിക്കുന്നു.

നേരത്തെ കെപിഎസി ലളിതയോടൊപ്പം ചേര്‍ന്ന് സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡബ്യൂസിസിക്കെതിരെയും അതിലെ അംഗങ്ങള്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രതികരണങ്ങള്‍ ജനവികാരം തന്നെയാണെന്നാണ് സിദ്ദിഖ് പറഞ്ഞത്.