രമ്യാ നമ്പീശൻ | ഫോട്ടോ: സ്ക്രീൻഗ്രാബ്
പല സാഹചര്യങ്ങള്‍കൊണ്ടും സിനിമയില്ലാത്ത അവസരമുണ്ടായിരുന്നുവെന്ന് നടി രമ്യാ നമ്പീശന്‍. ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. നിലപാടുകള്‍ പറയുമ്പോള്‍ നഷ്ടങ്ങളുണ്ടാവാമെന്നും രമ്യ ചൂണ്ടിക്കാട്ടി.
അര്‍ഹിക്കുന്ന ന്യായമായ വേതനം നടിമാര്‍ക്ക് കിട്ടുന്നുണ്ടോ എന്ന് സംശയമാണെന്ന് രമ്യാ നമ്പീശന്‍ പറഞ്ഞു. നടന്മാരെ കേന്ദ്രീകരിച്ചുതന്നെയാണ് ഇപ്പോഴും സിനിമ നടക്കുന്നത്. തുല്യവേതനം എന്ന അവസ്ഥയിലേക്ക് നമ്മുടെ സിനിമയും ഇന്‍ഡസ്ട്രിയും വളരണമെന്നാണ് തന്റെ ആഗ്രഹം. ഒരുപാട് പിറകിലേക്ക് പോകേണ്ട ഒരു കാര്യമാണിത്. ആണ്‍കോയ്മയാണ് ഇവിടെ ഇതുവരെ നടന്നുവന്നിട്ടുള്ളത്. ഒരു സ്ത്രീ സിനിമ പറയുന്നു എന്ന് കേള്‍ക്കുമ്പോള്‍ വേറെന്തോ ഭാവമാണ്. അത്തരം സിനിമകള്‍ ഒന്ന് കാണുകയും കേള്‍ക്കുകയും ചെയ്ത് നോക്കൂ. അത് കേള്‍ക്കുന്നതിനും മുന്നേയുള്ള വിധിപ്രസ്താവത്തിലേക്കാണ് പോകുന്നത്. അതുതന്നെ ആദ്യം മാറണമെന്നും അവര്‍ പറഞ്ഞു.
'പല സാഹചര്യങ്ങള്‍കൊണ്ടും സിനിമയില്ലാത്ത അവസരമുണ്ടായിരുന്നു. അതിന് 24 മണിക്കൂറും വീട്ടിലിരുന്ന് കരയുന്നയാളല്ല ഞാന്‍. ചില സാഹചര്യങ്ങളില്‍ ചില നിലപാടുകളെടുക്കുമ്പോള്‍ നമ്മുടെ ഇന്‍ഡസ്ട്രിക്ക് ഒരു പ്രത്യേക സ്വഭാവമുള്ളതുകൊണ്ടും നമുക്ക് പല കാര്യങ്ങളും നഷ്ടപ്പെടാം. അതിനെ ഭയങ്കര വൈകാരികമായി കാണുന്നതിനേക്കാള്‍ കൂടുതല്‍ വളരെ അഭിമാനത്തോടുകൂടിയാണ് ഞാന്‍ കാണുന്നത്.' രമ്യ വ്യക്തമാക്കി.
പ്രശ്‌നം വരുമ്പോള്‍ തളര്‍ന്നിരിക്കരുതെന്ന് നമ്മള്‍ അതിജീവിത എന്നുവിളിക്കുന്ന തന്റെ സുഹൃത്ത് പഠിപ്പിച്ച കാര്യമാണ്. ഒരു പ്രശ്‌നം വരുമ്പോള്‍ മാറ്റിനിര്‍ത്തുന്നത് ഇവിടത്തെ സംവിധാനങ്ങളുടെ പ്രശ്‌നമാണ്. ചില കാര്യങ്ങള്‍ കൂട്ടായി നിന്ന് ഉച്ചത്തില്‍ സംസാരിക്കുമ്പോഴാണ് കേള്‍ക്കുന്നത്. പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് കളക്റ്റീവ് പോലുള്ള സംഘടന തുടങ്ങിയതും സംസാരിക്കുന്നതും. അത് പലര്‍ക്കും അരോചകമായി തോന്നും. സംസാരിച്ചുകൊണ്ടേയിരിക്കുക എന്നതാണ് ആകെയുള്ള വഴിയെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു.
തന്നെ സംബന്ധിച്ചടത്തോളം വേറൊരു ഇന്‍ഡസ്ട്രിയിലും ജോലി ചെയ്തതുകൊണ്ട് അവിടെ ഒരിടം കിട്ടി. വെറുതെയിരുന്നില്ല, സിനിമ ചെയ്യാന്‍ പറ്റി. പല കാരണങ്ങള്‍കൊണ്ടും മലയാള സിനിമയില്‍ നിന്ന് അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ തുറന്ന് സംസാരിക്കാനുള്ള സാഹചര്യങ്ങളിലേക്കൊന്നും പക്ഷേ തമിഴ് സിനിമ എത്തിയിട്ടില്ല. പക്ഷേ കേരളത്തില്‍ അങ്ങനെയല്ല. തമിഴില്‍ നയന്‍താര, ഐശ്വര്യ രാജേഷ് എന്നിവരൊക്കെ സിനിമയില്‍ സ്വന്തം സ്ഥാനങ്ങള്‍ നേടിയെടുക്കുന്നത് വളരെ പ്രോത്സാഹനം നല്‍കുന്ന കാര്യമാണെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു.
Content Highlights: ramya nambeesan press meet, b 32 muthal 44 vare movie press meet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..