രാജ്യമൊന്നാകെ കോവിഡ്-19ന്റെ ജാഗ്രതയിലാണ്. അതിന്റെ അതിന്റെ ഭാഗമായി  പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് സിനിമാ പ്രവര്‍ത്തകരടക്കം നിരവധി പേരാണ് പിന്തുണ അറിയിച്ച് മുന്നോട്ടുവന്നിരിക്കുന്നത്. മമ്മൂട്ടി, ജയസൂര്യ തുടങ്ങിയ മുന്‍നിര താരങ്ങളെല്ലാം തങ്ങള്‍ രാജ്യത്തിനു വേണ്ടിയും ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയും പ്രധാനമന്ത്രിയുടെ ഒപ്പംനില്‍ക്കുമെന്ന് സമൂഹ മാധ്യമത്തിലൂടെ പറഞ്ഞ് രംഗത്തെത്തിയിരുന്നു.

മനുഷ്യന്‍ മനുഷ്യനില്‍ നിന്നും അകലം പാലിക്കണം എന്ന് ലോകം പറയേണ്ടി വന്ന അപൂര്‍വ സാഹചര്യത്തിനെക്കുറിച്ച് പറയുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. ഇവിടെ ഇപ്പോള്‍ മനുഷ്യന്‍ മാനദണ്ഡമാവണമെന്നും ഈ പോരാട്ടത്തില്‍ നമ്മള്‍ ഏവരും ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തന്റെ മുറിയിലെ ജനാലയില്‍ നിന്നും പുറത്തേക്ക് നോക്കി നില്‍ക്കുന്ന സ്വന്തം ഫോട്ടോയും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

രമേഷ് പിഷാരടിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്റെ പൂര്‍ണരൂപം:

മനുഷ്യന്‍ മനുഷ്യനില്‍ നിന്നും അകലം പാലിക്കണം എന്ന് ലോകം പറയേണ്ടി വന്ന അപൂര്‍വ സാഹചര്യം...
അത് കൊണ്ടു തന്നെ മനസുകള്‍ തമ്മിലുള്ള അകലം ഈ അവസരത്തില്‍ കുറയണം..
ജാതി, മതം, ദേശം, രാഷ്ട്രീയം;
ഇതിനുമെല്ലാം അപ്പുറം; ''മനുഷ്യന്‍''മാനദണ്ഡമാവണം.

ലോകജനതയോടൊപ്പം നമ്മളും അതിജീവനത്തിന്റെ പോരാട്ടത്തിലാണ്
പ്രതിരോധമാണ് പ്രതിവിധി
ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍,
പോലീസ്, സൈനിക വിഭാഗങ്ങങ്ങള്‍
സന്നദ്ധ സംഘടനകള്‍,
സര്‍വോപരി സര്‍ക്കാരുകള്‍
അവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വിജയിക്കുവാന്‍ നമ്മുടെ സഹകരണം കൂടിയേ തീരൂ... മുന്‍പ് അനുഭവിച്ചോ പരിചയിച്ചോ ശീലമില്ലാത്ത ഒരു സാമൂഹിക സ്ഥിതി.
നമ്മുടെ നാട്ടില്‍ ഇത് മൂന്നാം ഘട്ടത്തില്‍ എത്തിയിരിക്കുകയാണ് അപകടകരമായ ഈ അവസ്ഥയില്‍ പൗരബോധത്തോടെയുള്ള ഗൗരവമായ സമീപനം നാം ഓരോരുത്തരിലും നിന്നും ഉണ്ടാവണം
നിരുത്തരവാദിത്വപരമായ ചെറിയ ഒരു പെരുമാറ്റം പോലും നമുക്കും നമുക്ക് ചുറ്റുമുള്ളവര്‍ക്കും ദോഷമായി ഭവിച്ചേക്കാം സ്വയം സുരക്ഷിതരാവുക അത് വഴി സമൂഹത്തെ സുരക്ഷിതമാക്കുക...

Content Highlights: Ramesh Pishrody Malayalam Movie Corona Covid19