ലയാളികളുടെ ചോക്ലേറ്റ് നായകന്‍ കുഞ്ചാക്കോ ബോബനോട് കടുത്ത അസൂയായിരുന്നുവെന്നും കൊല്ലാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഒരു അഭിമുഖത്തില്‍ രമേഷ് പിഷാരടി പറഞ്ഞിട്ട് അധികം കാലമായിട്ടില്ല. കൊല്ലാന്‍ കഴിഞ്ഞില്ലെങ്കിലും കുഞ്ചാക്കോ ബോബന് ഒരു കിടിലന്‍ പണി കൊടുക്കാന്‍ ഒരുങ്ങുകയാണ് പിഷാരടി. സംവിധായകനായി അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രത്തില്‍ പിഷാരടി നായകനായി കണ്ടുവച്ചിരിക്കുന്നത് മറ്റാരെയുമല്ല, സാക്ഷാല്‍ ചാക്കോച്ചനെ തന്നെ. 

വിദ്യാരംഭദിനത്തില്‍ ധര്‍മജനും പിഷാരടിയും ചേര്‍ന്നാണ് പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പഞ്ചവര്‍ണ തത്ത എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയറാം, അനുശ്രീ, സലീം കുമാര്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. 

ഹരി പി നായരും പിഷാരടിയും ചേര്‍ന്നാണ് രചന. സപ്തതരംഗ് സിനിമയുടെ ബാനറില്‍ മണിയന്‍ പിള്ള രാജുവാണ് ചിത്രം നിർമിക്കുന്നത്. എം. ജയചന്ദ്രനാണ് പാട്ടുകള്‍ ചിട്ടപ്പെടുത്തുന്നത്. പശ്ചാത്തല സംഗീതം ഔസേപ്പച്ചൻ. നടനും സംവിധായകനുമായ നാദിര്‍ഷ ഒരുക്കുന്ന അവതരണഗാനവും ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

മിമിക്രി വേദിയിലൂടെ കലാരംഗത്തെത്തിയ പിഷാരടി ഇന്ന് മലയാളത്തിലെ ഏറ്റവും ജനപ്രിയനായ അവതാരകനാണ്. സിനിമാല, ധർമജനൊപ്പമുള്ള ബ്ലഫ് മാസ്റ്റേഴ്സ് എന്നിവയായിരുന്നു ഹിറ്റ് ഷോകൾ. ഇപ്പോൾ മുകേഷിനൊപ്പമുള്ള ബഡായി ബംഗ്ലാവിന്റെ അവതാരകനാണ്. 2008ൽ പുറത്തിറങ്ങിയ പോസറ്റീവിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. കപ്പൽ മുതലാളിയിൽ നായകനായി. അമർ അക്ബർ ആന്റണി, ചാർലി, രാമന്റെ ഏദൻതോട്ടം എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.