മമ്മൂട്ടി-കെ.മധു-എസ്.എൻ സ്വാമി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിബിഐ 5നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസായ സിബിഐ ഡയറിക്കുറിപ്പിപ്പിന്റെ അഞ്ചാം ഭാ​ഗമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിൽ സേതുരാമ അയ്യരുടെ ടീമിൽ ചേരാനായ സന്തോഷം പങ്കുവയ്ക്കുകയാണ് നടൻ രമേഷ് പിഷാരടി. കുട്ടിക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് കാണുമ്പോൾ വിദൂരഭാവിയിൽ പോലും ഇല്ലാതിരുന്ന സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കരിക്കുന്നതെന്ന് രമേശ് പിഷാരടി പറയുന്നു.

"ഈ ഐഡി കാർഡിന് നന്ദി. കുട്ടിക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് കണ്ടപ്പോൾ വിദൂര ഭാവിയിൽ പോലും ഇല്ലാതിരുന്ന സ്വപ്നം ....വളർന്ന്  സേതുരാമയ്യർ സിബിഐ കാണുമ്പോൾ കൊതിയോടെ കണ്ട സ്വപ്നം. കൈ പുറകിൽ കെട്ടി ആ ബിജിഎം ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു. ഒരുപക്ഷേ ലോക സിനിമയിൽ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വർഷങ്ങൾക്കിടയിൽ 5 ഭാഗങ്ങളിൽ ഒന്നിക്കുന്നു"–രമേശ് പിഷാരടി സോഷ്യൽ മീഡിയയിൽ കുറിച്ചു.

എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. സ്വർ​ഗചിത്ര അപ്പച്ചനാണ് നിർമാണം.

സേതുരാമയ്യർ സീരീസിലെ മുൻപിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്‌സോഫോസിൽ തരംഗമായതോടെ 1989-ൽ ജാഗ്രത എന്ന പേരിൽ രണ്ടാം വട്ടവും സേതുരാമയ്യരെത്തി. പ്രതീക്ഷ തെറ്റിക്കാതെ ജാഗ്രതയും ബോക്‌സോഫീസ് ഹിറ്റായി മാറി. 

പിന്നീട് നീണ്ട ഇടവേളയ്ക്കുശേഷം 2004-ൽ സേതുരാമയ്യർ സിബിഐ, 2005-ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും എത്തി. നാലുഭാഗങ്ങളും പ്രദർശനവിജയം നേടിയ മലയാളത്തിലെ തന്നെ അപൂർവചിത്രമെന്ന റെക്കോഡും സേതുരാമയ്യർക്ക് സ്വന്തം. 13 വർഷങ്ങൾക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാ​ഗമൊരുങ്ങുന്നത്

Content highlights : Ramesh Pisharody in Mammootty movie CBI 5 K Madhu SN Swamy