തൃശ്ശൂർ: തൃശ്ശൂർ മണ്ഡലത്തിൽ യു.ഡി.എഫ്. പ്രചാരണത്തിനെത്തിയതാണ് നടനും അവതാരകനുമായ രമേഷ് പിഷാരടി. താരമൂല്യമുള്ള വ്യക്തിയെ കണ്ടപ്പോൾ വഴികാട്ടിയായും സഹായിയായുമൊക്കെ കൂടെക്കൂടാനുള്ള മത്സരമായി യുവനേതാക്കൾ. ഒടുവിൽ സിനിമാമേഖലയിലെ പാട്ടുകാരന്റെ കൂട്ടുകാരനാണെന്ന ചെറിയ ബന്ധമുപയോഗിച്ച് പിഷാരടിയുടെ കാറിൽ കയറിക്കൂടിയത് കെ.എസ്.യു.വിന്റെ ജില്ലാനേതാവ്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയെങ്കിലും തൊഴുത്തിൽക്കുത്ത് കാരണം മത്സരിക്കാനാകാത്ത നേതാവ് തനിക്ക് മത്സരിക്കാനാകാതെ പോയ വാർഡിലേക്ക് പിഷാരടിയെ കൊണ്ടുപോകാൻ തീരുമാനിച്ചു. തന്നെ തഴഞ്ഞ വാർഡിൽ തന്റെ വില കാണിച്ചുകൊടുത്തിട്ടുതന്നെ കാര്യമെന്നായിരുന്നു നേതാവിന്റെ മനസ്സിലിരിപ്പ്. തൃശ്ശൂരിലെ മണ്ഡലഭൂമിശാസ്ത്രം അത്ര പിടിയില്ലാത്ത പിഷാരടി യുവനേതാവിന്റെ നിർദേശം അംഗീകരിച്ചു.

സ്ഥാനാർഥി എത്തുന്ന സ്ഥലത്ത് അതിന് മുന്നേയെത്തി പിഷാരടി ചെറിയൊരു പ്രസംഗം നടത്തണം. അത് തീരുമ്പോഴേക്കും സ്ഥാനാർഥിയെ അവിടെയെത്തിക്കും. ഇതായിരുന്നു യുവനേതാവ് ആസൂത്രണം ചെയ്തത്. എന്നാൽ, നടപ്പാക്കിയത് മറ്റൊന്ന്. സ്ഥാനാർഥിയെത്തി ഏറെ നീണ്ടിട്ടും പിഷാരടി എത്തിയില്ല. കുറേനേരം കഴിഞ്ഞാണ് യുവനേതാവ് പിഷാരടിയെയുംകൊണ്ട് എത്തിയത്. കാര്യം തിരക്കിയപ്പോൾ വഴിതെറ്റിപ്പോയെന്ന് നേതാവ് സമ്മതിച്ചു. ഒരു വഴിതെറ്റലൊക്കെ ആർക്കും സംഭവിക്കാമെന്ന് കരുതി സ്ഥാനാർഥിയും കൂട്ടരും ക്ഷമിച്ചു.

പിഷാരടിയെയും കൂട്ടി േനതാവ് അടുത്ത സ്ഥലത്തേക്ക് പുറപ്പെട്ടു. അവിടെയും സ്ഥാനാർഥി എത്തിയിട്ടും പിഷാരടി എത്തിയില്ല. വൈകിയതിന് കാരണമായി യുവനേതാവ് ആദ്യപല്ലവി ആവർത്തിച്ചു-വഴിതെറ്റിപ്പോയി. ഇനി വഴിതെറ്റില്ലെന്നും കളിച്ചുവളർന്ന നാടാണെന്നുമുള്ള യുവനേതാവിന്റെ ഉറപ്പിന്മേൽ പിഷാരടി വീണ്ടും വണ്ടിയിൽ കയറി. മൂന്നാംതവണയും കറങ്ങിത്തിരിഞ്ഞ് എത്തുമ്പോഴേക്കും ഏറെ വൈകി.

ഇത്തവണ പിഷാരടിതന്നെ ‘വഴിെതറ്റൽസംഭവം’ പ്രസംഗത്തിലൂടെ ജനങ്ങളോട് തുറന്നുവിവരിച്ചു. പ്രസംഗം കഴിഞ്ഞിറങ്ങുന്പോൾ നേതാവിനെ കാണാനില്ല. നാണക്കേട് കാരണം മുങ്ങിയിരിക്കുകയാണ്. വഴികാട്ടി മുങ്ങിയതിലായിരുന്നില്ല പിഷാരടിക്ക് ദുഃഖം. പാതിവഴിയിൽ ഇറങ്ങി മുങ്ങിയ നേതാവ് എങ്ങനെ വീട്ടിലെത്തും എന്നതിലായിരുന്നു. അതുകേട്ട അവിടെയുണ്ടായിരുന്ന ഒരു പ്രവർത്തകൻ‍ പറഞ്ഞു- ‘‘ദാ, ആ കാണുന്നതാണ് അവന്റെ വീട്’’. അപ്പോഴാണ് പിഷാരടിക്ക് മനസ്സിലായത്, യുവനേതാവിന് ‘വഴിതെറ്റിയത്’ കളിച്ചുവളർന്ന നാട്ടിൽത്തന്നെയാണെന്ന്.

Content Highlights: Ramesh pisharody election campaign at Thrissur, How KSU leader tricked him?