യൂത്ത് കോൺഗ്രസ് വേദിയിൽ രമേഷ് പിഷാരടി | ഫോട്ടോ: സ്ക്രീൻഗ്രാബ് | മാതൃഭൂമി ന്യൂസ്
തൃശ്ശൂർ: യൂത്ത് കോൺഗ്രസ് സമ്മേളനവേദിയിൽ സി.പി.എമ്മിനെതിരെ പരിഹാസവും രൂക്ഷവിമർശനവുമുയർത്തി നടനും സംവിധായകനുമായ രമേഷ് പിഷാരടി. ജനാധിപത്യമൂല്യവും ഭരണഘടനയുമാണ് കോൺഗ്രസിന്റെ ആശയമെന്ന് രമേഷ് പിഷാരടി പറഞ്ഞു. പഴയൊരു പുസ്‌തകവും കെട്ടിപ്പിടിച്ച് നാളെ സ്വർഗ്ഗം വരും എന്ന് പറഞ്ഞിരിക്കുന്നതല്ല കോൺഗ്രസിന്റെ ആശയമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് അംഗങ്ങളും അണികളുമുണ്ടെങ്കിലും അടിമകളില്ലെന്നും ലോകത്തിന്റെ ഏതുകോണിൽ എന്ത് നല്ല കാര്യം നടന്നാലും അതിന് പിന്നിൽ തങ്ങളാണെന്ന് പറയുന്ന പരിപാടി പണ്ടുമുതൽക്കേ ചിലർക്കുണ്ടെന്നും യൂത്ത് കോൺഗ്രസ് വേദിയിൽ രമേഷ് പിഷാരടി പറഞ്ഞു. എവിടെയെങ്കിലും നിന്ന് തമാശ പറയാൻ പറ്റാത്ത കാലമാണിത്. കാരണം നമുക്കെതിരെ മത്സരത്തിന് വന്നിരിക്കുന്നത് വലിയ വലിയ നേതാക്കളാണ്. അവർക്കൊപ്പം നിന്ന് തമാശ പറഞ്ഞ് ചിരിക്കുക എന്നത് പ്രയാസമുള്ള കാര്യമാണെന്നും പിഷാരടി പരിഹസിച്ചു.
"ഉദാഹരണത്തിന് ഞാൻ സ്റ്റേജിൽ കയറി നല്ലൊരു തമാശ പറയുന്നതിന് മുമ്പേ ആകാശത്തുകൂടി ഒരു വിമാനം പറന്നുപോയി. ഇതുകണ്ട് ആളുകൾ പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി. വിമാനത്താവളത്തിനെതിരെയുള്ള സമരത്തേക്കുറിച്ചാണോ എന്നൊക്കെ ആലോചിച്ച് നോക്കുമ്പോൾ താണുപറക്കുന്ന വിമാനത്തിൽ ഇൻഡിഗോ എന്നെഴുതിവെച്ചിട്ടുണ്ട്. അത്ര പ്രത്യേകതയൊന്നുമില്ലാത്ത ആംഗ്യം കാണിച്ച് ആളുകളെ ശാന്തരാക്കി എന്റെ മിമിക്രി കേൾക്കണം എന്നുപറഞ്ഞു. ഒരു ട്രെയിനിന്റെ ശബ്ദം അനുകരിക്കാം എന്നു പറഞ്ഞപ്പോൾ പിന്നെയും ആളുകൾ ചിരിക്കാൻ തുടങ്ങി. ഞാൻ പറഞ്ഞു ഞാൻ തമാശ പറയും അപ്പം ചിരിച്ചാൽ മതിയെന്ന്. അപ്പം എന്ന് കേട്ടതും അവർ പിന്നെയും ചിരിക്കാൻ തുടങ്ങി. ഒന്നും പറയാൻ പറ്റുന്നില്ല. ഞങ്ങളുടെ മേഖലയിൽ ടൈറ്റ് കോംപറ്റീഷൻ നടക്കുകയാണ്. ആരൊക്കെയാണ് തമാശയുടെ രംഗത്തേക്കിറങ്ങിയതെന്നതിന് കയ്യും കണക്കുമില്ല. എ, ഐ പോലുള്ള ഗ്രൂപ്പുകളുണ്ടെങ്കിലും ഈ രണ്ടക്ഷരങ്ങൾ ചേർത്ത് ഒരു ക്യാമറ വെച്ചപ്പോഴുണ്ടായ പ്രശ്നങ്ങളൊന്നും ഇവിടെയില്ല." താരം പറഞ്ഞു.
തങ്ങളുടെ സൈബർ ശക്തിയേക്കുറിച്ച് എനിക്കറിയില്ലെന്നാണ് പലരും ഇവിടെ പറയുന്നത്. പണ്ട് കമ്പ്യൂട്ടറിനെതിരെ നടത്തിയ സമരം വിജയിക്കാതെ പോയതുകൊണ്ട് ഇപ്പോൾ സൈബർ മുറി എന്നൊരു സ്ഥലമെങ്കിലുമുണ്ട്. അന്ന് ആ സമരം വിജയിച്ചിരുന്നെങ്കിൽ ഇന്ന് സൈബറിടമോ സൈബറോ ഒന്നും ഉണ്ടാവില്ലായിരുന്നു. കാലം ഇത്രയായിട്ടും അവർക്ക് കമ്പ്യൂട്ടറിനോടുള്ള ദേഷ്യം തീർന്നിട്ടില്ല. നിയമസഭയിൽ കമ്പ്യൂട്ടർ കണ്ടാൽ എടുത്തെറിയും. അങ്ങനെ എന്തൊക്കെയോ ചില പ്രശ്നങ്ങൾ നിലനിൽക്കുന്ന സമയത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നതെന്നും രമേഷ് പിഷാരടി കൂട്ടിച്ചേർത്തു.
Content Highlights: ramesh pisharody against cpim, ramesh pisharody speech on youth congress stage
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..