താൻ സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വന്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന് ഫ്ലക്‌സ് ഉപയോഗിച്ചുള്ള ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കുകയാണെന്ന് സംവിധായ രമേഷ് പിഷാരടി. ചെന്നൈയില്‍ എഐഎഡിഎംകെയുടെ ഹോര്‍ഡിങ് ഇളകി വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഐടി ഉദ്യോഗസ്ഥയായ യുവതി മരിക്കാനിടയായ സംഭവത്തിനു പിന്നാലെയാണ് ഈ തീരുമാനം. 

ഗാനഗന്ധര്‍വന്‍ ഔദ്യോഗികമായി ഫ്ലക്സ് ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കുകയാണെന്ന് സംവിധായകന്‍ ഫെയ്​സ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്‌. ചിത്രത്തിന്റെ പ്രചാരണത്തിന് പോസ്റ്ററുകള്‍ മാത്രമേ ഉപയോഗിക്കൂവെന്നും രമേഷ് പിഷാരടി വ്യക്തമാക്കിയിട്ടുണ്ട്. 

അതേ സമയം നടന്‍മാരായ വിജയ്, അജിത്ത് എന്നിവരും ഇതേ നിലപാടിലാണെന്നതാണ് പുതിയ വിവരം. ഇരുവരുടെയും ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. പുതിയ ചിത്രം ബിഗിലിന്റെ ഓഡിയോ ലോഞ്ചിനിടയില്‍ നടന്‍ വിജയ് ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം വ്യക്തമാക്കിയിട്ടുണ്ടെന്നും ഫാന്‍സിനോട് അതിനുള്ള നടപടികള്‍ കൈക്കൊളളണമെന്നും അറിയിച്ചിട്ടുണ്ട്. ചെന്നൈയില്‍ യുവതി മരിച്ചതുപോലെയുള്ള സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഈ തീരുമാനമെന്നും അവര്‍ അറിയിച്ചു.

Content Highlights : Ramesh Pisharody, actors Ajith and Vijay avoid hoardings for their film promotions