ജോജു ജോര്‍ജ് എന്ന നടന്റെ അഭിനയജീവിതത്തില്‍ വലിയൊരു വഴിത്തിരിവായ ചിത്രമായിരുന്നു ജോസഫ്. ജോസഫിന്റെ താങ്ക്‌സ് കാര്‍ഡില്‍ കുഞ്ചാക്കോ ബോബന്റെ പത്‌നി പ്രിയയുടെ പേരുമുണ്ടെന്നും അതിനു പിന്നില്‍ വലിയൊരു കഥയുണ്ടെന്നും വെളിപ്പെടുത്തുകയാണ് രമേഷ് പിഷാരടി. കുഞ്ചാക്കോ ബോബന്റെ ഉറ്റ സുഹൃത്തുക്കളായ ജോജുവും രമേഷും ജോസഫ് സിനിമയുടെ വിജയാഘോഷപരിപാടിയ്ക്കിടെയാണ് കാണികളെ മുഴുവന്‍ പൊട്ടിച്ചിരിപ്പിച്ച ആ വലിയ കഥയുമായെത്തിയത്. 

'ജോസഫ് സിനിമയുടെ താങ്ക്‌സ് കാര്‍ഡില്‍ എന്റെ പേരിനൊപ്പം പ്രിയ കുഞ്ചാക്കോ എന്ന പേരുമുണ്ട്. അതിനു പിന്നിലൊരു കഥയുണ്ട്.' രമേഷ് പിഷാരടി പറഞ്ഞു തുടങ്ങി. പ്രിയയും ഞാനുമാണ് ജോജുവിന്റെ ടെന്‍ഷന്‍ ഇറക്കി വെയ്ക്കുന്ന സഥലങ്ങള്‍. ഷൂട്ടിംഗിനിടയില്‍ രാത്രി ഒരു മണിക്കും രണ്ടു മണിയ്ക്കുമൊക്കെ ജോജു വിളിയ്ക്കും. ജോസഫിന്റെ ചിത്രീകരണം ആരംഭിച്ച സമയത്ത് പ്രിയ ഗര്‍ഭിണിയാണ്. രാത്രിയുറക്കത്തിനിടെ വിളിച്ചിട്ട് സിനിമയില്‍ കാമുകിയുടെ ചീഞ്ഞളിഞ്ഞ ശരീരം കാണുന്ന രംഗമാണ് പ്രിയയോട് വിശദീകരിക്കുന്നത്. ഈ സീന്‍ എങ്ങനുണ്ടാകും പ്രിയേ എന്നു ചോദിച്ചുകൊണ്ട്. പ്രിയ ആകെ പരിഭ്രാന്തിയിലായി. അതിനു പിന്നാലെ ചാക്കോച്ചന്‍ എന്നെ വിളിച്ചു. അര്‍ധരാത്രി ജോജുവെന്തോ വിളിച്ച് ടെന്‍ഷനൊക്കെ പറഞ്ഞുവെന്നും പ്രിയയുടെ ഉറക്കം മുഴുവന്‍ കളഞ്ഞെന്നും പറഞ്ഞുകൊണ്ടാണ് ചാക്കോച്ചന്‍ വിളിക്കുന്നത്. ഗര്‍ഭിണിയാണെന്ന വിവരമാണെങ്കില്‍ പുറത്തു പറയാറുമായിട്ടില്ല. ആ എട്ട്-ഒന്‍പതു മാസം ജോസഫ് എന്ന സിനിമ ഓര്‍ത്ത് ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചത് പ്രിയയാണ്. അതിനാണ് പ്രിയയുടെ പേര് താങ്ക്‌സ് കാര്‍ഡില്‍ വച്ചിരിക്കുന്നത്. കാണികളിലാകെ ചിരി പടര്‍ത്തിയ പിഷാരടിയുടെ ഈ നര്‍മ്മത്തിന് കുഞ്ചാക്കോ ബോബന്‍ രസകരമായ മറുപടിയും നല്‍കി. 'ജോസഫ് സിനിമയുടെ ചടങ്ങിനു പോവുകയാണെന്നു പറഞ്ഞപ്പോള്‍ എന്റെ കൊച്ചിന്റെ മുഖം ഒരുമാതിരിയായിരുന്നു. ഇപ്പോഴാണ് എനിക്കതിന്റെ കാരണം പിടികിട്ടിയത്.'

വീഡിയോ കാണാം

 

Content Highlights : Joju George, Joseph success celebrations, Kunchacko Boban, Priya Kunchacko, Ramesh Pisharody