-
പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന ചിത്രം പ്രഖ്യാപിച്ച അന്നുമുതൽ വിവാദങ്ങൾ പിന്തുടരുകയാണ്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ റമീസ് മുഹമ്മദിന്റെ രാഷ്ട്രീയ നിലപാടുകളും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്ന കുറിപ്പുകളും ഈ വിവാദങ്ങളെ ആളിക്കത്തിച്ചു. ഇതിന് തൊട്ടുപിന്നാലെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് റമീസ് മുഹമ്മദ്. ആരോപണങ്ങളിൽ തനിക്ക് സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ബാക്കിയെല്ലാ ആരോപണങ്ങളും തെറ്റായ പ്രചരണങ്ങളാണെന്ന് പറയുകയാണ് റമീസ്. തന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും ഞാൻ താൽക്കാലികമായി വിട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
റമീസ് മുഹമ്മദിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം
ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയിൽ, ഇപ്പോൾ വാരിയംകുന്നൻ എന്ന സിനിമക്ക് നേരെ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. അതിൽ പ്രധാനം എനിക്ക് എതിരിൽ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ്. എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളിൽ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ ഞാൻ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാൻ എനിക്ക് കഴിയുകയും ചെയ്യും. ഞാൻ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തിൽ ബോധിപ്പിക്കുകയും ചെയ്യും.
എന്നാൽ, എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തിൽ ബാധിക്കേണ്ടത് എന്നെ മാത്രമാണ്. പക്ഷെ, ദൌർഭാഗ്യവശാൽ അത് ഇപ്പോൾ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്. അത് സംഭവിച്ച് കൂടാത്തതാണ്. ആയതിനാൽ, എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും ഞാൻ താൽക്കാലികമായി വിട്ടുനിൽക്കാൻ ആഗ്രഹിക്കുകയാണ്. എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവർത്തനങ്ങളിലേക്ക് ഞാൻ തിരിച്ച് വരികയും ചെയ്യുന്നതായിരിക്കും.
ഈ വിവരങ്ങൾ ‘വാരിയംകുന്നൻ’ എന്ന സിനിമയുടെ നിർമ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
Content Highlights: Ramees Mohamed O script writer, variyankunnath kunjahammed haji movie, controversy, Aashiq Abu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..