500 കോടി രൂപ മുതല്‍മുടക്കില്‍ ഒരുക്കുന്ന രാമായണം സിനിമയില്‍ ദീപിക പദുക്കോണ്‍ ഹൃത്വിക് റോഷന്‍, പ്രഭാസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. രാമനെയും സീതയേയും ഹൃത്വികും ദീപികയും അവതരിപ്പിക്കുമ്പോള്‍ പ്രഭാസ് രാവണനാകുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാവണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രഭാസിനെ സമീപിച്ചുകഴിഞ്ഞതായി വിനോദ വെബ്​സൈറ്റായ പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്തു.

ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ പുറത്തിറങ്ങുന്ന ഈ ചിത്രം ത്രി ഡൈമന്‍ഷന്‍ (3ഡി) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഒരുക്കുന്നത്. ദംഗലിന്റെ സംവിധായകന്‍ നിതേഷ് തിവാരി, തെലുങ്ക് നിര്‍മാതാവ് അല്ലു അരവിന്ദ്, മധു മന്റേന, നമിത് മല്‍ഹോത്ര, മോം എന്ന ചിത്രത്തിന്റെ സംവിധായകന്‍ രവി ഉദ്യാവർ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്റെയോ മറ്റ്  അണിയറ പ്രവര്‍ത്തകരുടേയോ പേര് പുറത്തുവിട്ടിട്ടില്ല.

2021ൽ പുറത്തിറങ്ങുന്ന ചിത്രത്തിന് മൂന്ന് ഭാഗങ്ങൾ ഉണ്ടാകും. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും.

വായിച്ചും കേട്ടുമറിയുന്ന രാമായണത്തോട് പൂര്‍ണമായും നീതിപുലര്‍ത്തുന്ന ഒരു ചിത്രമായിരിക്കും ഇതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടു.

Content Highlights:Ramayanam Movie, Hrithik Roshan, Prabhas, Deepika Padukone, Rama, Ravana, Seetha, Nithesh Thiwari, Ramayana Epic