രോ പുതിയ വായനയിലും ഓരോ പുതിയ കാഴ്ചപ്പാട് സമ്മാനിക്കുന്നവയാണ് നല്ല പുസ്തകങ്ങള്‍. ഓരോ പുതിയ കാഴ്ചയിലും പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നവയെ നല്ല സിനിമകളെന്നും വിളിക്കാം. രഞ്ജിത് ശങ്കറിന്റെ രാമന്റെ ഏദന്‍തോട്ടത്തിന് നല്ല ചിത്രമെന്ന വിശേഷണം ചാര്‍ത്തിക്കൊടുത്തത് അതിലെ വേറിട്ട കാഴ്ചപ്പാടും പരിചരണത്തിലെ പുതുമയുമായിരുന്നു. എന്നാല്‍, തിയേറ്റര്‍ വിട്ട് സി.ഡിയിലെത്തുമ്പോള്‍ ഇതുവരെയില്ലാത്ത പുതിയ വായനകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വിധേയമാവുകയാണ് കുഞ്ചാക്കോ നായകനായ ചിത്രം.

മലയാളത്തിലെ സമീപകാലത്തെ ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമാണിതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍. അങ്ങേയറ്റത്തെ പുരുഷവിരോധ സിനിമയാണെന്ന് മറ്റു ചിലര്‍ പഴി പറയുന്നു സാമൂഹ്യ മാധ്യമങ്ങളില്‍. വിവാഹമോചനത്തെ മഹത്വവത്കരിക്കുന്നുവെന്നുമുണ്ടായി ആരോപണം. കുടുംബത്തോടൊപ്പം ചിത്രത്തിന് പോകാന്‍ കഴിയില്ലെന്നുവരെയുണ്ടായി പ്രചരണം. എന്നിട്ടും ഈ വ്യാഖ്യാനങ്ങളെയും ആരോപണങ്ങളെയുമെല്ലാം മറികടന്ന് രാമന്റെ ഏദന്‍തോട്ടം ബോക്സ് ഓഫീസില്‍ മികച്ച ചലനമുണ്ടാക്കി. അതൊരു ചെറിയ കാര്യമായിരുന്നില്ല. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കിനിടയില്‍ രാമന്റെ ഏദന്‍തോട്ടത്തിന്റെ രഹസ്യം, പുതിയ വ്യാഖ്യാനങ്ങളുടെ പൊരുള്‍ വിശദീകരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍.

'കഥ തിരഞ്ഞെടുക്കുമ്പോള്‍ തന്നെ പലതും അറിയാം. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമ എടുക്കാന്‍ പറ്റില്ല. രാമന്റെ ഏദന്‍തോട്ടം എടുത്തത് പ്രധാനമായും സ്ത്രീകള്‍ക്ക് വേണ്ടിയാണ്. മനപ്പൂര്‍വം തന്നെ എടുത്തതാണ്. പുണ്യാളന്‍ അഗര്‍ബത്തീസ് എടുക്കുന്നതിന് മുന്‍പ് എന്റെ മനസ്സിലുണ്ടായിരുന്ന കഥയാണിത്. പക്ഷെ അന്നെനിക്ക് അതെടുക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല. 

ഈ കഥയില്‍ മൂന്ന് പ്രധാന കഥാപാത്രങ്ങളാണ് ഉള്ളത്. മാലിനി, രാമന്‍, ഏല്‍വിസ്. മാലിനിയാണ് കേന്ദ്ര കഥാപാത്രം. പക്ഷെ എനിക്കേറ്റവും ഇഷ്ടം രാമനെയാണ്. അയാള്‍ കൊടുക്കല്‍ വാങ്ങലിന്റെ ആളല്ല. ആരെയും ഒന്നിനും നിര്‍ബന്ധിക്കുന്നില്ല. തുറന്ന് വച്ച പാത്രം പോലെ. മാലിനി ഒറ്റയ്ക്കാകുമ്പോള്‍ അവളെ ക്ഷണിക്കുന്നുണ്ടെങ്കിലും അയാള്‍ ഒന്നിനും നിര്‍ബന്ധിക്കുന്നില്ല. സ്നേഹവും കടപ്പാടും പറഞ്ഞ് അയാള്‍ ആരെയും തളച്ചിടുന്നില്ല. സ്വയം തിരിച്ചറിയാന്‍ അവളെ പ്രേരിപ്പിക്കുകയാണ് അയാള്‍. ഞാന്‍ ഈ സിനിമയിലൂടെ വിവാഹമോചനത്തെ നിസ്സാരവല്‍ക്കരിച്ചിട്ടില്ല. മഹത്വവല്‍ക്കരിച്ചിട്ടുമില്ല. എല്‍വിസുമായി പിരിയുമ്പോള്‍ മാലിനിക്ക് നല്ല വേദനയുണ്ട്. ഒരു ബന്ധം അവസാനിപ്പിക്കുന്നത് സ്ത്രീക്കും പുരുഷനും അത്ര എളുപ്പമൊന്നുമല്ല. ആ മുറിവ് ഉണങ്ങാന്‍ ഒരുപാട് സമയമെടുക്കും. മാലിനിയും രാമനും ചിലപ്പോള്‍ ഒരുമിച്ച് ജീവിച്ചേക്കാം. അല്ലെങ്കില്‍ മാലിനി മറ്റാരെയെങ്കിലും വിവാഹം കഴിച്ചേക്കാം. അതൊക്കെ പ്രേക്ഷകരുടെ ഇഷ്ടത്തിന് വിട്ടു. ഞാന്‍ ചിത്രീകരിച്ചത് ഒരു ജനുവരിയില്‍ തുടങ്ങി നാല് വര്‍ഷം കഴിഞ്ഞുള്ള മറ്റൊരു ജനുവരി വരെയുള്ള കാലഘട്ടമാണ്. മാലിനി ഒരു കുഴപ്പംപിടിച്ച ബന്ധത്തില്‍ നിന്ന് പുറത്ത് വന്നു. അതിന്റെ വിഷമം മാറാന്‍ സമയമെടുക്കും. എന്നെ സംബന്ധിച്ച് മാലിനിയില്‍ നിന്ന് മാലിനിയിലേക്കുള്ള യാത്രയാണ് രാമന്റെ ഏദന്‍ത്തോട്ടം. അല്ലാതെ മാലിനിയുടെ രാമനിലേക്കുള്ള യാത്രയോ എല്‍വിസില്‍ നിന്നുള്ള മോചനമോ ഒന്നുമല്ല. രാമന്‍ മാലിനിക്ക് തിരിച്ചറിവിനുള്ള ഒരു കാരണമായി എന്നു മാത്രം. 

പലരും എന്നോട് പറഞ്ഞു കുടുംബമായി ചിത്രത്തിന് പോകാന്‍ പറ്റില്ല എന്നൊക്കെ. ഞാന്‍ അതൊന്നും കാര്യമായി എടുത്തിട്ടില്ല. സിനിമ തീയേറ്ററില്‍ പോയിക്കാണാന്‍ പറ്റാത്തവരൊക്കെ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്തു കാണുന്നുണ്ട്. പലരും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു.'