നിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കുമിടയില്‍ കഴിഞ്ഞ മാസം അവസാനമാണ് ദിലീപ് നായകനായ രാമലീല പുറത്തിറങ്ങിയത്. ഇപ്പോഴും തിയ്യറ്ററുകള്‍ നിറഞ്ഞോടുന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ഫഹദ് ചിത്രത്തിന്റെ പേരിലാണ് രാമലീലയുടെ തിയ്യറ്റര്‍ പ്രിന്റ് നെറ്റില്‍  അപ്​ലോഡ് ചെയ്തിരിക്കുന്നത്. ഇതിനകം മുപ്പതിനായിരത്തിലധികം പേരാണ് ചിത്രം ഇന്റര്‍നെറ്റ് വഴി കണ്ടത്. എന്നാല്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ചിത്രം ഇന്റർനെറ്റില്‍ ലഭ്യമല്ല. തമിഴ് റോക്കേഴ്‌സ് എന്ന് മാര്‍ക്ക് ചെയ്താണ് ചിത്രം പ്രചരിച്ചിരുന്നത്.

ചിത്രം തിയ്യറ്ററിലെത്തി മൂന്നാം നാള്‍ അതിലെ നിര്‍ണായകമായ പല രംഗങ്ങളും ഇന്റര്‍നെറ്റ് വഴി പ്രചരിച്ചിരുന്നു. നവാഗതനായ അരുൺ ഗോപി ഒരു പൊളിറ്റിക്കല്‍ ത്രില്ലറായി അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ ക്ലൈമാക്സ് ആയിരുന്നു. ദിലീപും രാധികയും ഒന്നിക്കുന്ന ഈ ക്ലൈമാക്‌സ് രംഗം പോലും ചോർന്ന് നെറ്റിലെത്തിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലാവുന്നതിന് മുന്‍പ് ചിത്രീകരണം പൂര്‍ത്തിയായതായിരുന്നു ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച് അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല. എന്നാല്‍, ദിലീപ് അറസ്റ്റിലായതോടെ  ചിത്രത്തിന്റെ റിലീസിങ് അവതാളത്തിലാവുകയായിരുന്നു. പല തവണ നീട്ടിവച്ചശേഷമാണ് ചിത്രം സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്തത്.