കെ.ജി.എഫിലെ ​ഗരുഡ എന്ന വില്ലൻ വേഷം അവതരിപ്പിച്ച് ശ്രദ്ധേയനായ രാമചന്ദ്ര രാജു (​ഗരുഡ റാം) നായകനായി മലയാളചിത്രം വരുന്നു. സ്തംഭം 2 എന്ന ചിത്രത്തിലാണ് അദ്ദേഹം നായകനാവുന്നത്. കന്നട നടൻ സന്ദീപ് ഷെരാവത്തും നായകതുല്യമായ വേഷത്തിലുണ്ട്. ചിത്രത്തിന്റെ പൂജ ബം​ഗളൂരുവിലെ ഡോക്ടർ അംബരീഷ് ഓഡിറ്റോറിയത്തിൽ നടന്നു.  

മുഴുനീള ആക്ഷൻ ചിത്രമായാണ് സ്തംഭം 2 ഒരുങ്ങുന്നത്. ശക്തരായ രണ്ടു മല്ലന്മാരുടെ കഥ പറയുന്ന ചിത്രമായതുകൊണ്ടാണ് സിനിമയ്ക്ക് സ്തംഭം 2 എന്ന് പേരിട്ടതെന്ന് സംവിധായകൻ സതീഷ് പോൾ പറഞ്ഞു. മിസ് ഇന്ത്യ റണ്ണറപ്പ് ആലിയ, ബേബി അന്ന എലിസബത്ത് എന്നിവരാണ്  മറ്റ് പ്രധാന അഭിനേതാക്കൾ. പോൾ ബ്രദേഴ്സ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. 

ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഡെക്കാൻ കിംഗ് മൂവി പ്രൊഡക്ഷൻസ് മലയാളത്തിൽ ഒരുക്കുന്ന പ്രഥമ ചിത്രമാണ് സ്തംഭം 2. ചായാഗ്രഹണം: കെ.സി. ദിവാകർ,  എഡിറ്റിംഗ് : ശ്രീകർ പ്രസാദ്,  സംഘട്ടനം: ഹരിമുരുകൻ,  കലാസംവിധാനം: അനിൽ,  സംഗീതം: ഡോ. സുരേന്ദ്രൻ. 30 വർഷമായി ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന വ്യവസായ പ്രമുഖനും മലയാളിയുമായ ബിജു ശിവാനന്ദ്, സതീഷ് പോൾ.വി.രാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  

ചിത്രീകരണം ഡിസംബർ മൂന്നാംവാരം പാലായിൽ ആരംഭിക്കും. വാർത്താ പ്രചരണം: അഞ്ജു അഷറഫ്‌

Content Highlights: Ramachandra Raju, Sthambham 2, new malayalam movie news, KGF villain as hero in malayalam movie