തെന്നിന്ത്യൻ താരദമ്പതിമാരായ നാ​ഗചൈതന്യയും സാമന്തയുമായുള്ള വിവാഹമോചനത്തിൽ പ്രതികരണവുമായി ബോളിവുഡ് സംവിധായകൻ രാം ​ഗോപാൽ വർമ. നിരവധി ട്വീറ്റുകളിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം. വിവാഹമല്ല, വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടതെന്നും വിവാഹം എന്നാൽ മരണമാണെന്നും വിവാഹമോചനം പുനർജന്മം ആണെന്നും രാം ​ഗോപാൽ ട്വീറ്റ് ചെയ്യുന്നു. വിവാഹമോചനത്തെക്കുറിച്ച് 2017ൽ താൻ നൽകിയ ഒരു അഭിമുഖവും സംവിധായകൻ പങ്കുവച്ചിട്ടുണ്ട്. 

"വിവാഹമല്ല, വിവാഹമോചനങ്ങളാണ് ആഘോഷിക്കപ്പെടേണ്ടത്. വിവാഹം എന്നാൽ മരണമാണ്, വിവാഹമോചനം പുനർജന്മവും. വിവാഹം ബ്രിട്ടീഷ് ഭരണമാണ്, വിവാഹമോചനം സ്വാതന്ത്ര്യവും. വിവാഹം ​രോ​ഗമാണ്, വിവാഹമോചനം രോ​ഗശാന്തിയും.

വിവാഹങ്ങളേക്കാൾ വിവാഹമോചനം ആഘോഷിക്കപ്പെടണം കാരണം, വിവാഹത്തിൽ, നിങ്ങൾ എന്തിലേക്ക് കടക്കുന്നുവെന്ന് നിങ്ങൾക്കറിയില്ല, അതേസമയം വിവാഹമോചനത്തിൽ നിങ്ങൾ നേടിയതിൽ നിന്നാണ് നിങ്ങൾ പുറത്തുകടക്കുന്നത്. വിവാഹം നരകത്തിൽ നടക്കുന്നതാണ്, വിവാഹമോചനം സ്വർ​ഗത്തിലും. മിക്ക വിവാഹങ്ങളും ആഘോഷങ്ങൾ അവസാനിക്കുന്നത് വരെ പോലും തുടരുന്നില്ല. അതുകൊണ്ട് തന്നെ യഥാർഥ സം​ഗീത് നടക്കേണ്ടത് വിവാഹമോചന സമയത്താണ്, വിവാഹമോചിതരായ സ്ത്രീക്കും പുരുഷനും നൃത്തം ചെയ്യാൻ കഴിയുന്ന സമയത്ത്..." രാം ​ഗോപാൽ വർമയുടെ ട്വീറ്റിൽ പറയുന്നു. 

RGV

നേരത്തെ ബോളിവുഡ് താരം ആമിർ ഖാനും സംവിധായിക കിരൺ റാവുവും വിവാഹമോചിതരായ സമയത്ത് ട്രോളുകൾ നേരിട്ടപ്പോൾ പിന്തുണയുമായി രാം ​ഗോപാൽ വർമ രം​ഗത്ത് എത്തിയിരുന്നു. ഇരുവർക്കും ആശംസകൾ നേർന്ന സംവിധായകൻ അജ്ഞതയും മണ്ടത്തരവും കൊണ്ടാണ് വിവാഹം നടക്കുന്നതെന്നും അറിവും വിവേകവും കൊണ്ടാണ് വിവാഹമോചനങ്ങൾ സംഭവിക്കുന്നതെന്നും പറഞ്ഞിരുന്നു.

content highlights : Ram Gopal Varma supports Nagachaitanya Samantha divorce says divorce need to celebrated