നടന്‍ ആമീര്‍ ഖാനും സംവിധായിക കിരണ്‍ റാവുവും പതിനഞ്ച് വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിച്ചിരിക്കുകയാണ്. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് വേര്‍പിരിഞ്ഞ കാര്യം ഇരുവരും വ്യക്തമാക്കിയത്.

സംഭവം വലിയ ചര്‍ച്ചയായതോടെ സമൂഹമാധ്യമങ്ങളിലൂടെ ഒട്ടനവധിപേര്‍ ഇവരെ അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്ത് വന്നു. വിമര്‍ശകരില്‍ ചിലര്‍ ആമീര്‍ ഖാനെ കടുത്തഭാഷയില്‍ പരിസഹിക്കുമ്പോള്‍ പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. വിവാഹത്തേക്കാള്‍ വിവാഹമോചനങ്ങളാണ് ആഘോഷിക്കപ്പെടേണ്ടതെന്ന് രാംഗോപാല്‍ വര്‍മ കുറിച്ചു.

''ആമീര്‍  ഖാനും കിരണ്‍ റാവുവും വിവാഹമോചിതരാകുന്നതില്‍ അവര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം. വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കൂ. ഏറെ പക്വതയോടെ എടുത്ത തീരുമാനത്തിന് എല്ലാ ഭാവുകങ്ങളും ഞാന്‍ ഇരുവര്‍ക്കും നേരുന്നു. ഇനിയുള്ള നിങ്ങളുടെ ജീവിതം കുറച്ച് കൂടി നിറമുള്ളതാകട്ടെ. എന്റെ അഭിപ്രായത്തില്‍ വിവാഹത്തേക്കാള്‍ വിവാഹമോചനമാണ് ആഘോഷി്ക്കപ്പെടേണ്ടത്. മണ്ടത്തരത്തിന്റെയും അറിവില്ലായ്മയുടെയും ഫലമായാണ് പലപ്പോഴും വിവാഹങ്ങള്‍ നടക്കുന്നത്. എന്നാല്‍  വിവാഹമോചനങ്ങള്‍ നടക്കുന്നത് അനുഭവത്തിന്റെയും വിവേകത്തിന്റെയും വെളിച്ചത്തിലാണ്''- രാം ഗോപാല്‍ വര്‍മ കുറിച്ചു.

തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്നും ഭര്‍ത്താവ്ഭാര്യ എന്നീ സ്ഥാനങ്ങള്‍ ഇനി ഇല്ലെന്നുമാണ് ആമീറും കിരണും വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഏറെനാളായി ഉണ്ടായിരുന്നുവെന്നും ഇപ്പോഴാണ് അതിന് ഉചിതമായ സമയമായതെന്നും കുറിപ്പിലുണ്ട്. മകന്‍ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും ഒരുമിച്ച് തന്നെ കുഞ്ഞിനെ വളര്‍ത്തുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഒന്നിച്ച് തന്നെ ചിത്രങ്ങള്‍ക്കായും പാനി ഫൗണ്ടേഷനായും വീണ്ടും പ്രവര്‍ത്തിക്കുമെന്നും വിവാഹമോചനം അവസാനമല്ല, പുതിയ ജീവിതത്തിന്റെ തുടക്കമാണെന്നും കൂട്ടിച്ചേര്‍ത്തു.

Ram Gopal Varma on Aamir Khan-Kiran Rao divorce celebrate divorce than marriage
 രാം ഗോപാല്‍ വര്‍മ

നടി റീന ദത്തയുമായുളള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിര്‍ ഖാന്‍,  സംവിധാന സഹായിയായിരുന്ന കിരണ്‍ റാവുവിനെ വിവാഹം ചെയ്യുന്നത്. 2005ലായിരുന്നു ഇരുവരുടെയും വിവാഹം. ആസാദ് റാവു ഖാനാണ് ഈ ബന്ധത്തിലുള്ള മകന്‍. റീന ദത്തയില്‍ ഇറാ ഖാന്‍, ജുനൈദ് ഖാന്‍ എന്നീ മക്കളും ആമിറിനുണ്ട്.

Content Highlights: Ram Gopal Varma on Aamir Khan-Kiran Rao divorce, celebrate divorce than marriage says director