തെലുഗ് സിനിമയെ പിടിച്ചുകുലുക്കിയ നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലില്‍ നിലപാട് വ്യക്തമാക്കി തെലുഗിന്റെ പവര്‍ സ്റ്റാര്‍ രാംചരണ്‍.

സിനിമയിലോ രാഷ്ട്രീയത്തിലോ എന്നില്ല, കാസ്റ്റിങ് കൗച്ച് പോലൊന്ന് ഒരു മേഖലയിലും ആശാസ്യമല്ല. എനിക്ക് സിനിമാരംഗത്തുതന്നെ അഞ്ച് സഹോദരിമാരാണുള്ളത്. അതുകൊണ്ടുതന്നെ സിനിമാരംഗത്ത് ഇതുപോലൊരു ദുരന്തത്തിന സാക്ഷിയാവാന്‍ വ്യക്തിപരമായി എനിക്കാവില്ല-രാംചരണ്‍ പറഞ്ഞു.

ഞാനിപ്പോള്‍ ശ്രീ റെഡ്ഡിയെക്കുറിച്ചല്ല പറയുന്നത്. എങ്കിലും സിനിമാരംഗത്തായാലും രാഷ്ട്രീയത്തിലായാലും ഇതുപോലൊന്ന് നടക്കുന്നത് ശരിയായ കാര്യമില്ല. ആരും ഇത് പ്രോത്സാഹിപ്പിക്കില്ല. പ്രത്യേകിച്ച് സിനിമാരംഗത്ത് തന്നെ അഞ്ച് സഹോദരിമാരുള്ള എനിക്ക് സിനിമാ മേഖലയില്‍ ഇത്തരമൊരു ദുരന്തത്തിന് സാക്ഷിയാവാന്‍ എനിക്ക് സാധിക്കില്ല.

പറയുന്നത് ആരായാലും കേള്‍ക്കുന്ന കാര്യങ്ങളെല്ലാം നമ്മള്‍ വസ്തുനിഷ്ഠമായി വേണം വിലയിരുത്താന്‍. യാതൊരു വസ്തുതയുമില്ലാത്ത കാര്യങ്ങള്‍ക്ക് പിറകെ അന്ധമായി പോകാനാവില്ല. ഇത്തരം വിഷയങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു സമിതി രൂപവത്കരിക്കാന്‍ ഇവരുടെ വെളിപ്പെടുത്തല്‍ സഹായിച്ചു എന്നതാണ് യാഥാര്‍ഥ്യം.

ശ്രീ റെഡ്ഡിയുടെ ആരോപണങ്ങളെക്കുറിച്ച് അവര്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായ നടപടിയുമുണ്ടാകും. എന്റെ സഹോദരിമാര്‍ക്കും പേടി കൂടാതെ സിനിമാരംഗത്ത് പ്രവര്‍ത്തിക്കാനുള്ള ധൈര്യം ഇതുവഴി ലഭിക്കുമെന്നാണ് എന്റെ വിശ്വാസം-രാം ചരണ്‍ ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 തെലുഗ് സിനിമയില്‍ കാസ്റ്റിങ് കൗച്ച് സജീവമാണെന്നും പലരും തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുമുണ്ടെന്ന ശ്രീ റെഡ്ഡിയുടെ ആരോപണം അഭിനേതാക്കളുടെ സംഘടനയായ മൂവി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ തള്ളിക്കളഞ്ഞിരുന്നു. ശ്രീ റെഡ്ഡിക്ക് സംഘടനയില്‍ അംഗത്വം നല്‍കില്ലെന്നും അറിയിച്ചതിന് പിന്നാലെയാണ് രാംചരണ്‍ തന്റെ പ്രസ്താവനയുമായി രംഗത്തുവന്നത്.

ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴിനാണ് ശ്രീ റെഡ്ഡി അര്‍ധനഗ്‌നയായി തെലുഗ് ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധപ്രകടനം നടത്തിയത്.

Content Highlights: Ram Charan Sri Reddy  casting couch in the Telugu film Sexual Exploitation