രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവരെ നായകരാക്കി രാജമൗലി ഒരുക്കുന്ന പുതിയ ചിത്രമായ ആര്‍.ആര്‍.ആര്‍. രണ്ട് ഭാഷകളിലെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതായി സംവിധായകന്‍ രാജമൗലി. 

ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ മാത്രമാണ് ഇനി ചിത്രീകരിക്കാന്‍ ബാക്കിയുള്ളത്.  ജൂനിയര്‍ എന്‍.ടി.ആറും രാം ചരണും രണ്ട് ഭാഷകളില്‍ ആര്‍.ആര്‍.ആറിനായുള്ള ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ബാക്കി വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. 

ഉടന്‍ തന്നെ ചിത്രീകരണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. 

ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.

രാം ചരണിനും ജൂനിയര്‍ എന്‍.ടി.ആറിനും പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.
 
ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്.കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്.'

ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ ആതിര ദില്‍ജിത്.

content highlights : ram charan and junior ntr wraps dubbing for rrr in two languages Rajamouli Alia Bhatt