ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച രണ്ട് ഗ്രാമങ്ങള്‍ ദത്തെടുത്ത് നടന്‍ രാം ചരണ്‍ തേജ. ആന്ധ്രയിലെ ശ്രീകാകുളം, വിജയനഗരം എന്നിവിടങ്ങളിലെ രണ്ട് ഗ്രാമപ്രദേശങ്ങളെ പുനര്‍മിര്‍മിക്കാനാണ് രാം ചരണ്‍ കൈകോര്‍ക്കുന്നത്.

പവന്‍ കല്യാണിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് താന്‍ ഈ തീരുമാനം കൈക്കൊണ്ടതെന്ന് രാം ചരണ്‍ വ്യക്തമാക്കി. 

ചുഴലിക്കാറ്റ് ബാധിച്ച സ്ഥലങ്ങളിലൂടെ രാം ചരണ്‍ കുറച്ചു ദിവസം മുന്‍പ് യാത്ര ചെയ്തിരുന്നു. ജനങ്ങളുടെ ദുരിതം നേരിട്ട് കാണാന്‍ സാധിച്ചതിനാല്‍ ഗ്രാമങ്ങള്‍ ഏറ്റെടുക്കാന്‍ തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ലെന്നും രാം ചരണ്‍ വ്യക്തമാക്കി. 

ജനങ്ങള്‍ക്ക് വേണ്ടി എനിക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഉണ്ട്. ഞാനും എന്റെ സുഹൃത്തുക്കളും എല്ലാ നടപടികളും ആരംഭിച്ചുകഴിഞ്ഞു- രാം ചരണ്‍ കൂട്ടിച്ചേര്‍ത്തു.

പ്രളയക്കെടുതിയിലായ കേരളത്തിന് കൈത്താങ്ങായി രാം ചരണ്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.