വിവാഹജീവിതം പരാജയപ്പെട്ടുവെന്നും താൻ കടുത്ത നിരാശയിലാണെന്നും നടി രാഖി സാവന്ത്. 2019-ലാണ് വ്യവസായിയായ രിതേഷുമായി തന്റെ വിവാഹം കഴിഞ്ഞുവെന്ന വെളിപ്പെടുത്തലുമായി രാഖി രംഗത്ത് വന്നത്. വിവാഹചിത്രങ്ങളും മറ്റും പങ്കുവച്ചുവെങ്കിലും അതിൽ രിതേഷിന്റെ ചിത്രം ഉണ്ടായിരുന്നില്ല. വാർത്തകളിലിടം പിടിക്കാൻ വിചിത്രമായ വഴികൾ തിരയുന്ന വ്യക്തിയാണ് രാഖി. അതുകൊണ്ടു തന്നെ വിവാഹം പോലും രാഖിയുടെ നാടകമാണെന്നാണ് മിക്കവരും വിശ്വസിച്ചത്.
സൽമാൻ ഖാൻ അവതാരകനായെത്തുന്ന ബിഗ് ബോസിന്റെ പുതിയ സീസണിൽ രാഖി പങ്കെടുക്കുന്നുണ്ട്. അതിന് മുന്നോടിയായിട്ടുള്ള അഭിമുഖത്തിലാണ് വിവാഹത്തകർച്ചയെക്കുറിച്ച് മനസ്സ് തുറന്നത്. താൻ കടുത്ത വിഷാദത്തിലൂടെ കടന്നു പോകുകയാണെന്നും സാമ്പത്തികമായി തകർന്നുവെന്നും രാഖി പറഞ്ഞു.
''എന്റെ വിവാഹജീവിതം വലിയ ദുരന്തമായി മാറി. ഞാൻ കടുത്ത വിഷാദത്തിലാണ്. വിധി എല്ലായ്പ്പോഴും എനിക്കെതിരായിരുന്നു. എന്നിരുന്നാലും മറ്റുള്ളവരെപ്പോലെ എന്റെ ജീവിതം ഞാൻ നശിപ്പിക്കുകയില്ല. ദെെവം എനിക്ക് നൽകിയ സമ്മനമാണിത്. അതുകൊണ്ട് അത് അമൂല്യമാണ്. ഞാൻ കടുത്ത സാമ്പത്തിക പ്രശ്നത്തിലാണ്. എന്റെ കുടുംബത്തെ പോറ്റുന്നത് ഞാൻ ഒറ്റയ്ക്കാണ്. ഞാൻ ഒരു ധനികനെ വിവാഹം ചെയ്തപ്പോൾ എന്റെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്നാണ് വിചാരിച്ചത്. എന്നാൽ ആ തീരുമാനം തെറ്റായിരുന്നു. എന്താണ് ഞങ്ങൾക്കിടയിൽ സംഭവിച്ചതെന്ന് ബിഗ് ബോസിൽ വിശദമാക്കാം''- രാഖി പറഞ്ഞു.
Content Highlights: Rakhi Sawant says her marriage has become a big tragedy