ന്നട സൂപ്പര്‍ താരമായിരുന്ന രാജ് കുമാറിന്റെ ഭാര്യ പാര്‍വതാമ്മ രാജ്കുമാര്‍ (77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാവിലെ  4:40 ന് എം.എസ് രാമയ്യ ആസ്പത്രയിലായിരുന്നു അന്ത്യം. 

സ്താനാര്‍ബുദത്തിന് ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്നു. വൃക്കയുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം താളം തെറ്റിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആസ്പത്രയില്‍ പ്രവേശിപ്പിച്ചത്.

മരണസമയത്ത് മക്കളായ പുനീത് രാജ് കുമാര്‍, രാഘവേന്ദ്ര രാജ്കുമാര്‍, ശിവ രാജ് കുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. അമ്മയുടെ കണ്ണുകള്‍ ദാനം ചെയ്തുവെന്ന് രാഘവേന്ദ്ര രാജ്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 2006 ല്‍ രാജ് കുമാര്‍ അന്തരിച്ചപ്പോഴും കണ്ണുകള്‍ ദാനം ചെയ്തിരുന്നു.

ഭൗതിക ശരീരം സദാശിവ നഗരത്തിലെ വീട്ടിൽ പൊതുപ്രദര്‍ശനത്തിന് വച്ച ശേഷം ബുധനാഴ്ച വൈകീട്ട് 6:30 ന് കണ്ഠീരവ സ്റ്റുഡിയോയിലെ രാജ്കുമാറിന്റെ ശവകൂടീരത്തിനരികെ സംസ്‌കരിക്കും. 

മൈസൂര്‍ ജില്ലയിലെ സാലിഗ്രാമത്തിലായിരുന്നു പാര്‍വതമ്മയുടെ ജനനം. 13 വയസ്സിലായിരുന്നു പാര്‍വതമ്മ രാജ്കുമാറിനെ വിവാഹം കഴിക്കുന്നത്. രാജ്കുമാറിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ പാര്‍വതമ്മയുടെ പങ്ക് വലുതായിരുന്നു. പൂര്‍ണിമ എന്റെര്‍പ്രൈസ് എന്ന് സിനിമാ കമ്പനി തുടങ്ങുകയും എന്‍പതോളം സിനിമകള്‍ നിര്‍മിക്കുകയും ചെയ്തു. കര്‍ണാടക രാജ്യോത്സവ പുരസ്‌കാരത്തിന് അര്‍ഹയായിട്ടുണ്ട്. നടന്മാരായ  പുനീത് രാജ് കുമാര്‍, രാഘവേന്ദ്ര രാജ്കുമാര്‍, ശിവ രാജ് കുമാര്‍ എന്നിവര്‍ക്ക് പുറമെ പൂര്‍ണി, ലക്ഷ്മി എന്നീ പെണ്‍മക്കളും പാര്‍വതാമ്മ- രാജ്കുമാര്‍ ദമ്പതികള്‍ക്കുണ്ട്.