മാർട്ടിൻ പ്രാക്കാട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നായാട്ട് എന്ന ചിത്രത്തിലെ ജോജു ജോർജിന്റെ അഭിനയത്തെ പ്രശംസിച്ച് ബോളിവുഡ് താരം രാജ്കുമാർ റാവു. സിനിമയിൽ അതിഗംഭീര പ്രകടനമാണ് ജോജു കാഴ്ച വച്ചതെന്നായിരുന്നു രാജ്കുമാർ പറയുന്നു. രാജ്കുമാർ തനിക്ക് അയച്ച സന്ദേശം പങ്കുവച്ച് ജോജു തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കിട്ടത്. 

"എന്തു പറയണമെന്ന് അറിയില്ല... ഹൃദയത്തെ തൊട്ടു. ഇതൊരുപാട് സന്തോഷം നൽകുന്നു. ഞാനേറെ സന്തുഷ്ടനാണ്.   പ്രിയപ്പെട്ട നടനിൽ നിന്ന് ഇത്തരമൊരു അഭിനന്ദനം ലഭിക്കുന്നതു തന്നെ വലിയ അംഗീകാരമാണ്. എനിക്ക് എന്റെ സന്തോഷം നിയന്ത്രിക്കാനാവുന്നില്ല.  നായാട്ടിനു ലഭിക്കുന്ന എന്റെ ആദ്യ പുരസ്കാരം ആണിത് ഒരുപാട് നന്ദി..."എന്ന കുറിപ്പോടെയാണ് ജോജു രാജ്കുമാറിന്റെ സന്ദേശം പങ്കുവച്ചത്.. 

"എന്തൊരു ഗംഭീര പ്രകടനമാണ് സർ! സിനിമയും ഇഷ്ടപ്പെട്ടു. ഇനിയും ശക്തമായി മുന്നോട്ടു പോവുക. ഇതുപോലെ വിസ്മയകരമായ പ്രകടനത്തിലൂടെ ഞങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കുക സർ"- രാജ്കുമാർ അയച്ച സന്ദേശത്തിൽ പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by JOJU (@joju_george)

ജോജു ജോർജിന് പുറമേ കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവരാണ് നായാട്ടിൽ പ്രധാന വേഷങ്ങളിലെത്തിയത്. മൂന്ന് പോലീസുകാർ നേരിടുന്ന പ്രശ്‌നങ്ങൾ സമകാലിക സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ പറഞ്ഞുവെക്കുകയാണ് ചിത്രം. ജോസഫ് എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഷാഹി കബീർ ആണ് നായാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആറ് വർഷത്തിനുശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ടായിരുന്നു നായാട്ടിന്.

ഏപ്രിൽ എട്ടിനാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. കോവിഡ് പശ്ചാത്തലത്തിൽ തീയേറ്ററിൽ നിന്നും പിൻവലിച്ച ചിത്രം മെയ് 9-ന് നെറ്റ്ഫ്ലിക്സിലും റിലീസിനെത്തി. 

Content Highlights : Rajkumar Rao appreciates Joju George for his perfomance in Nayattu Movie by Martin Prakkatt