രജിഷ വിജയനെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ റിജി നായർ സംവിധാനം ചെയ്ത ഖോ ഖോയുടെ തീയേറ്റർ പ്രദർശനം നിർത്തിവെച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ഒ.ടി.ടി., TV തുടങ്ങിയ സമാന്തര മാധ്യമങ്ങളിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ വ്യക്തമാക്കി. വിഷുവിനായിരുന്നു ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. സ്പോർട്സ് ​ഡ്രാമയായി അണിയിച്ചൊരുക്കിയ ചിത്രത്തിൽ സ്കൂൾ കോച്ചായാണ് രജിൽ വേഷമിടുന്നത്.

ചിത്രത്തിന്റെ സംവിധായകൻ രാഹുൽ റിജി നായർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്

പ്രിയമുള്ളവരേ,
'ഖോ ഖോ' എന്ന ചലച്ചിത്രത്തിന് കേരളത്തിലെ പ്രേക്ഷകർ നൽകിയ ഹൃദ്യമായ സ്വീകരണത്തിനും, പ്രോത്സാഹനത്തിനും, നല്ല അഭിപ്രായങ്ങൾക്കും ഹൃദയത്തിൻറെഅടിത്തട്ടിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു. കേരളത്തിൽ കോവിഡ് നിയന്ത്രണാധീനമായിരുന്ന സമയത്താണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിവസങ്ങളിൽ പ്രേക്ഷകരുടെ വലിയ പിൻന്തുണയാണ് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ മഹാരോഗത്തിൻറെ രണ്ടാം വരവ് ഈ സ്ഥിതിയെ മാറ്റിമറിച്ചിരിക്കുകയാണ്. ചിത്രം കാണാൻ അതിയായ താൽപ്പര്യം ഉള്ളവർക്കുപോലും തിയേറ്ററിൽ എത്തിച്ചേരാൻ കഴിയുന്നില്ല. സെക്കൻഡ് ഷോ നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായിട്ടും നമ്മുടെ ചിത്രത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞു.

എന്നാലിപ്പോൾ, കൂടുതൽ നിയന്ത്രണങ്ങൾ വന്നതോടെ സാഹചര്യങ്ങൾ കൂടുതൽ പ്രതികൂലമായിരിക്കുകയാണ്. കച്ചവട താൽപ്പര്യത്തിനുപരിയായി സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കേണ്ട സാഹചര്യമാണിതെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാനായി ഞങ്ങൾ ആസൂത്രണം ചെയ്തിരുന്ന പ്രമോഷൻ പരിപാടികൾ രണ്ട് ദിവസമായി ഞങ്ങൾ നിർത്തിവച്ചിരുന്നു. സാഹചര്യത്തിൻറെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട്, 'ഖോ ഖോ'എന്ന ചിത്രത്തിന്റെ തിയേറ്റർ പ്രദർശനം ഇന്നു മുതൽ നിർത്തിവെക്കാൻ തീരുമാനിച്ച വിവരം എല്ലാ സിനിമാപ്രേമികളെയും അറിയിക്കുകയും ഇതുമൂലമുള്ള അസൗകര്യങ്ങൾക്ക് ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

മറ്റെല്ലാ മേഖലകളേയും പോലെ ചലച്ചിത്രമേഖലയെയും ഈ പ്രതിസന്ധി വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. എന്നാൽ നമ്മുടെ ഒരുമിച്ചുള്ള ചെറുത്തുനിൽപ്പ് വിജയം കാണുമെന്നും എല്ലാ ബുദ്ധിമുട്ടുകളെയും അതിജീവിച്ച് സിനിമ തിരിച്ചുവരുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്. ഈ സിനിമയുടെ അണിയറയിൽ രാപകലില്ലാതെ പ്രവർത്തിച്ചവർക്കുള്ള അതിയായ ദുഖവും ഞങ്ങൾ ഏറ്റുവാങ്ങുന്നു. പ്രതികൂല സാഹചര്യത്തിലും കേരളത്തിലെ തിയേറ്റർ ഉടമകൾ ഞങ്ങൾക്ക് നൽകിയ സഹകരണം നന്ദിയോടു കൂടി മാത്രമേ ഓർക്കാൻ കഴിയൂ. ഒ.ടി.ടി., TV തുടങ്ങിയ സമാന്തര മാധ്യമങ്ങളിലൂടെ ചിത്രം കൂടുതൽ പ്രേക്ഷകരിൽ എത്തിക്കുന്നത്തിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഒരിക്കൽ കൂടി എല്ലവാരുടെയും പിൻന്തുണയ്ക്കും, സ്നേഹത്തിനും നന്ദി അറിയിക്കുന്നു.
ഫസ്റ്റ് പ്രിൻറ് സ്റ്റുഡിയോസിനു വേണ്ടി,
രാഹുൽ റിജി നായർ

പ്രിയമുള്ളവരേ, 'ഖോ ഖോ' എന്ന ചലച്ചിത്രത്തിന് കേരളത്തിലെ പ്രേക്ഷകർ നൽകിയ ഹൃദ്യമായ സ്വീകരണത്തിനും, പ്രോത്സാഹനത്തിനും,...

Posted by Rahul Riji Nair on Monday, 19 April 2021

Content Highlights : Rajisha Vijayan Movie Kho KHo directed by Rahul Riji Nair Theatre release Stopped due to increasing number ofcovid cases