തലച്ചോറിലേക്കുള്ള രക്തക്കുഴലിലെ ബ്ലോക്ക് പരിഹരിക്കുന്ന പ്രക്രിയയ്ക്ക് വിധേയനായി ചികിത്സയിലായിരുന്ന തമിഴ് സൂപ്പർ താരം രജനികാന്തിന്റെ ആരോ​ഗ്യത്തിനായി പ്രത്യേക വഴിപാടുകളും പ്രാർഥനകളുമായി ആരാധകർ. താരം കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയിരുന്നു. 

രജനിയുടെ ആരോ​ഗ്യത്തിനായും ഏറ്റവും പുതിയ ചിത്രം അണ്ണാത്തെയുടെ വിജയത്തിനായും മധുര തിരുപ്പറങ്കുണ്ട്രം ക്ഷേത്രത്തിൽ ആരാധകർ 'മൺ ചോറ്' (ക്ഷേത്രാങ്കണത്തിലുള്ള കല്ലുകൾ വൃത്തിയാക്കി അവിടെ നിന്ന് ഊണ് കഴിക്കുന്ന വഴിപാട്) നടത്തിയും നൂറ്റിയെട്ട് തേങ്ങകൾ ഉടച്ചും പ്രാർഥനകൾ നടത്തി. 

തലവേദനയും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 28-നാണ് രജനീകാന്തിനെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു. തുടർന്ന് ഞായറാഴ്ച രാത്രി 9.30-ഓടെ അദ്ദേഹം ആശുപത്രിയില്‍ നിന്നു വീട്ടിലേക്ക് മടങ്ങി. 

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഞായറാഴ്ച രാവിലെ ആല്‍വാര്‍പ്പേട്ടിലെ കാവേരി ആശുപത്രിയിലെത്തി രജനികാന്തിനെ കണ്ടിരുന്നു. 

content highlights : Rajinikanths fans perform special prayers for his speedy recovery