രജനികാന്ത് | ഫോട്ടോ: വി.രമേഷ്| മാതൃഭൂമി
രജനികാന്ത് എന്നാല്‍ ആഘോഷമാണ് ആരാധകര്‍ക്ക്. പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റുകളടക്കം സൂപ്പര്‍താരവുമായി ബന്ധപ്പെട്ട എന്തും ആഘോഷമാക്കും അവര്‍. അത്തരത്തിലൊന്ന് വീണുകിട്ടിയ സന്തോഷത്തിലാണ് ആരാധകര്‍. സംഗതി ഒരു കത്താണ്. അതും രജനി സ്വന്തം കൈപ്പടയില്‍ എഴുതിയത്. സംഗതി വൈറലാവാന്‍ അധികസമയമൊന്നും എടുത്തില്ല.
1991-ല്‍ ദളപതിയുടെ റിലീസിന്റെ സമയത്താണ് രജനികാന്ത് ഈ കത്ത് എഴുതിയിരിക്കുന്നത്. ദളപതിയുടെ പ്രീമിയര്‍ ഷോയ്ക്ക് മാധ്യമങ്ങളെ ക്ഷണിച്ചുകൊണ്ടുള്ളതാണ് കത്ത്. 1991- നവംബര്‍ അഞ്ചിനാണ് ദളപതി റിലീസാവുന്നത്. മൂന്നാം തീയതിയാണ് അദ്ദേഹം സ്വന്തം ലെറ്റര്‍പാഡില്‍ ഈ കത്തെഴുതിയിരിക്കുന്നത്. എഗ്മോറിലെ ആര്‍ബര്‍ട്ടി തിയേറ്ററില്‍ നാലാം തീയതി വൈകീട്ട് ആറരയ്ക്ക് പുതിയ ചിത്രമായ ദളപതിയുടെ പ്രീമിയര്‍ നടത്തുന്നുണ്ടെന്നും പ്രദര്‍ശനത്തിന് ഏവരേയും ക്ഷണിക്കുന്നുവെന്നുമാണ് കത്തിലെ ഉള്ളടക്കം.
1991 ദീപാവലി റിലീസായാണ് മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ദളപതി തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ മറ്റൊരു നായകന്‍. രജനി അവതരിപ്പിച്ച സൂര്യ, മമ്മൂട്ടിയുടെ ദേവ എന്നീ കഥാപാത്രങ്ങള്‍ക്ക് ഇന്നും ആരാധകരുണ്ട്. മഹാഭാരതത്തിലെ കര്‍ണന്റെയും ദുര്യോധനന്റെയും സൗഹൃദമാണ് ചിത്രത്തിനാധാരം. അരവിന്ദ് സ്വാമി, അമരീഷ് പുരി, ശ്രീവിദ്യ, ശോഭന, ഭാനുപ്രിയ, ഗീത, നാഗേഷ്, മനോജ് കെ. ജയന്‍, ചാരുഹാസന്‍ എന്നിവരായിരുന്നു മറ്റുപ്രധാനവേഷങ്ങളില്‍. ചിത്രത്തിനായി ഇളയരാജ ഈണമിട്ട ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ മൂളുന്നവയാണ്.
രജനികാന്തും മണിരത്‌നവും ഒന്നിച്ച ഒരേയൊരു ചിത്രവും ദളപതിയാണ്. നിലവില്‍ നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലറിന്റെ തിരക്കുകളിലാണ് രജനികാന്ത്. മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, തമന്ന എന്നിവരാണ് പ്രധാനവേഷങ്ങളില്‍. ജയ് ഭീമിലൂടെ ശ്രദ്ധേയനായ ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പിന്നാലെ വരുന്നത്. മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാല്‍സലാം എന്ന ചിത്രത്തില്‍ കാമിയോ വേഷത്തിലും രജനിയെത്തുന്നുണ്ട്.
Content Highlights: Rajinikanth's handwritten press note for the 'Thalapathi' film goes viral, mammootty and manirathnam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..