ബാബ സിനിമയിൽ രജിനികാന്ത്
രജനീകാന്ത് ചിത്രം ബാബയ്ക്ക് 20 വർഷത്തിനിപ്പുറം വൻ വരവേൽപ്പ്. സുരേഷ് കൃഷ്ണ സംവിധാനംചെയ്ത സിനിമ രജനിയുടെ 72-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി 12-നാണ് വീണ്ടും റിലീസ് ചെയ്തത്.
സിനിമ കാണാനായി ആരാധകർ തിയേറ്ററിൽ കാത്തുനിൽക്കേണ്ട അവസ്ഥയായതോടെ സ്‌ക്രീനുകളുടെ എണ്ണം ഇരുനൂറിൽനിന്ന് മുന്നൂറായി വർധിപ്പിക്കാനൊരുങ്ങുകയാണ് അധികൃതർ. ദൈർഘ്യത്തിന്റെ പേരിൽ ഏറെ പഴികേട്ടിരുന്ന ചിത്രം പുതിയതലമുറയെ ആകർഷിക്കുന്നതരത്തിൽ 30 മിനിറ്റ് ചുരുക്കിയാണ് പ്രദർശിപ്പിച്ചത്. സിനിമാപ്രേമികളുടെ അഭിരുചിക്കനുസരിച്ച് ക്ലൈമാക്സും മാറ്റിയിട്ടുമുണ്ട്.
രജനിയുടെ കരിയറിലെത്തന്നെ ഏറ്റവുംവലിയ പരാജയമെന്ന് വിലയിരുത്തപ്പെടുന്ന ചിത്രമായിരുന്നു ബാബ. സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ 2002-ൽ പുറത്തിറങ്ങിയ ചിത്രം നിർമിച്ചത് രജനീകാന്ത് തന്നെയാണ്. അന്ന് ബാബ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് നേരെ ആക്രമണങ്ങൾ നടന്നതും സിനിമയ്ക്കുവേണ്ടി നിക്ഷേപിച്ച തുകയുടെ 25 ശതമാനം രജിനീകാന്ത് മടക്കിനൽകിയതുമെല്ലാം വൻവാർത്തകളായിരുന്നു.
മനീഷാ കൊയ് രാള, അമരീഷ് പുരി, ആശിഷ് വിദ്യാർത്ഥി, എം.എൻ. നമ്പ്യാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിനായി അണിനിരന്നത്. ഇവർക്ക് പുറമേ രാഘവാ ലോറൻസ്, രമ്യാകൃഷ്ണൻ, നാസർ, പ്രഭുദേവ, രാധാരവി, ശരത് ബാബു എന്നിവർ അതിഥി വേഷങ്ങളിലും എത്തിയിരുന്നു.
സാങ്കേതികമേന്മ പ്രശംസിക്കപ്പെട്ടെങ്കിലും ചിത്രം ബോക്‌സോഫീസിൽ വൻപരാജയമാണ് ഏറ്റുവാങ്ങിയത്. ഏതെങ്കിലും രാഷ്ട്രീയ ക്യാമ്പെയിന്റെ ഭാഗമാണോ ചിത്രം എന്നുവരെ അക്കാലത്ത് ചർച്ച ചെയ്യപ്പെട്ടിരുന്നു. പുകവലിച്ചുകൊണ്ട് നിൽക്കുന്ന നായകന്റെ പോസ്റ്ററുകൾ യുവാക്കളെ വഴിതെറ്റിക്കുന്നതായും വിമർശനമുയർന്നു. ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ ആക്രമിക്കപ്പെടുകയും ഫിലിം റോളുകൾ അഗ്‌നിക്കിരയാക്കപ്പെടുകയും ചെയ്തു. ചിത്രത്തിലെ സംഗീതത്തേക്കുറിച്ചും ആക്ഷേപം ഉയർന്നിരുന്നു. തുടർച്ചയായ വിവാദങ്ങളേത്തുടർന്ന് അഭിനയത്തിൽ നിന്ന് രജനീകാന്ത് വിട്ടുനിന്നിരുന്നു.
Content Highlights: baba tamil movie getting good response from audience after rerelease, rajinikanth
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..