ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് രജനീകാന്ത്. നിര്‍ബന്ധിച്ച് വേദനിപ്പിക്കരുതെന്നും ആരാധകരോട് അഭ്യര്‍ഥിച്ചു. രാഷ്ട്രീയപ്രവേശത്തില്‍നിന്ന് പിന്‍മാറാനുള്ള തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം ആരാധകര്‍ സമരം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് രജനി ഒരിക്കല്‍ക്കൂടി നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയം വേണ്ടെന്ന് വെക്കാനുള്ള കാരണം ഇതിനകം വിശദീകരിച്ചുണ്ടെന്നും തന്റെ മനസ്സുമാറ്റാന്‍ ഇനിയും ഇത്തരം സമ്മേളനങ്ങള്‍ നടത്തി വീണ്ടും വീണ്ടും വേദനിപ്പിക്കരുതെന്നും ട്വിറ്റര്‍ മുഖേന പുറത്തുവിട്ട പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

രജനി മക്കള്‍ മന്‍ട്രത്തില്‍നിന്ന് പുറത്താക്കിയവരും ഒരു വിഭാഗം ആരാധകരും ചേര്‍ന്നാണ് ചെന്നൈയില്‍ കഴിഞ്ഞദിവസം സമ്മേളനം നടത്തിയതെന്ന് വിശദീകരിച്ച രജനി ഇതില്‍ പങ്കെടുക്കാതിരുന്ന ആരാധകരോട് നന്ദി അറിയിച്ചു. സമാധാനപരമായും അച്ചടക്കത്തോടും ഒന്നിച്ച് കൂടിയതിനെ അഭിനന്ദിച്ചുവെങ്കിലും രജനി മക്കള്‍ മന്‍ട്രം നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചതിലുള്ള അതൃപ്തിയും രജനി പ്രസ്താവനയില്‍ വ്യക്തമാക്കി.

രജനി രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ചയാണ് ആരാധകര്‍ ചെന്നൈ വള്ളുവര്‍ക്കോട്ടത്തില്‍ ഒത്തുകൂടിയത്. സ്വന്തം പാര്‍ട്ടിയുണ്ടാക്കി രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് രജനിയോട് ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങളുമായി അയ്യായിരത്തോളം പേരാണ് ശക്തിപ്രകടനം നടത്തിയത്. തങ്ങളുടെ ആവശ്യം പരിഗണിച്ച് രജനി തീരുമാനം മാറ്റുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാല്‍ അതുണ്ടാകില്ലെന്ന് രജനി ഒരിക്കല്‍ കൂടി വ്യക്തമാക്കുകയായിരുന്നു.

ജനുവരിയില്‍ പാര്‍ട്ടി ആരംഭിക്കാനായിരുന്നു രജനീകാന്തിന്റെ നീക്കം. എന്നാല്‍ കോവിഡ് വ്യാപനം തുടരുന്നത് ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്ന് രജനി രാഷ്ട്രീയ പ്രവേശം ഉപേക്ഷിക്കുകയായിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങാതെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് പ്രഖ്യാപനം. രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണത്തിന്റെ ഭാഗമായി ആരാധക സംഘടനയുടെ പേര് മാറ്റി ആരംഭിച്ച രജനി മക്കള്‍ മന്‍ട്രം സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമാണ്.

Content Highlights: Rajinikanth asks fans not to urge him to enter politics