ചെന്നൈ: എട്ടുമാസംനീണ്ട ഇടവേളയ്ക്കുശേഷം ആരാധകര്‍ക്ക് മുമ്പിലെത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ നടന്‍ രജനീകാന്ത്. ദീപാവലിയോട് അനുബന്ധിച്ചാണ് ചെന്നൈ പോയസ് ഗാര്‍ഡനിലെ വീടിനുമുന്നില്‍ താരം ആരാധകരെ കണ്ടത്.
കോവിഡ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതില്‍പ്പിന്നെ ഇതാദ്യമായാണ് നടന്‍ പരസ്യമായി ആരാധകര്‍ക്ക് മുമ്പിലെത്തുന്നത്. മുഖാവരണം ധരിച്ചാണ് രജനി ആരാധകരെ കണ്ടത്.പ്രിയതാരത്തെ കാണാന്‍ തടിച്ചുകൂടിയിരുന്ന ആരാധകവൃന്ദത്തിന് നേര്‍ക്ക് കൈവീശിയും കൈകൂപ്പിയും അഭിവാദ്യം ചെയ്തശേഷം അദ്ദേഹം മടങ്ങി. പക്ഷെ മാധ്യമങ്ങളോട് സംസാരിച്ചില്ല.
ആരവാഘോഷങ്ങളോടെയും താരത്തിന് ജയ് വിളിച്ചും ആരാധകര്‍ വീടിനുമുന്നില്‍ ഉത്സവപ്രതീതി സൃഷ്ടിച്ചു. പോലീസ് ഇടപെട്ടാണ് ആളുകളെ പിരിച്ചുവിട്ടത്.

കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് രജനികാന്ത് ദീപാവലി ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ മകൾ സൗന്ദര്യ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുമുണ്ട്.
ആദ്യഘട്ട ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ മാര്‍ച്ച് മുതല്‍ താരം വീട്ടില്‍നിന്ന് പുറത്തുപോയിരുന്നില്ല. സിനിമാ ഷൂട്ടിങ് ഉള്‍പ്പെടെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇടയ്ക്ക് ചെങ്കല്‍പ്പെട്ട് ജില്ലയിലെ കേളമ്പാക്കത്തുള്ള ഫാംഹൗസിലേക്ക് താരം പോയത് വാര്‍ത്തയായിരുന്നു.ഇ-പാസ് ഇല്ലാതെയായിരുന്നു യാത്രന്നെന്ന് ആരോപണമുയര്‍ന്നെങ്കിലും പാസെടുത്തിരുന്നെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
ഇതല്ലാതെ കഴിഞ്ഞ എട്ടുമാസത്തിനിടയില്‍ രജനീകാന്ത് പുറത്ത് പ്രത്യക്ഷപ്പെട്ടിരുന്നില്ല. ആരോഗ്യകാരണങ്ങളാല്‍ കോവിഡിനോട് ജാഗ്രതവേണമെന്നാണ് രജനിയോട് ഡോക്ടര്‍മാര്‍ നിര്‍ദേശിശിച്ചിരിക്കുന്നത്. ഇതിനാല്‍ രാഷ്ട്രീയപ്രവേശം താരം ഉപേക്ഷിക്കുന്നുവെന്ന് അഭ്യൂഹങ്ങളുമുണ്ട്.
content highlights: rajinikanth meets fans after eight month