-
ഇന്ത്യയൊട്ടാകെ ആരാധകരുള്ള സൂപ്പർതാരമാണ് രജനികാന്ത്. മഹാരാഷ്ട്ര സ്വദേശിയായ ശിവാജി റാവു എന്ന ബസ് കണ്ടക്ടറാണ് പിന്നീട് ബോക്സോഫീസിനെ നയിക്കുന്ന രാജാവായത്. ഈ കഥ എല്ലാവർക്കും അറിയാം. എന്നാൽ രജനികാന്തിനെ അറിയാത്തവരും നമ്മുടെ നാട്ടിലുണ്ട്. ഈ കഥ രജനി തന്നെയാണ് തുറന്ന് പറഞ്ഞത്. എന്തിരൻ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ നടത്തിയ പ്രസംഗത്തിൽ തനിക്ക് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന കഥ രസകരമായി രജനി പറയുന്ന വീഡിയോ വർഷങ്ങൾക്ക് ശേഷം വീണ്ടും വെെറലാവുകയാണ്.
രജനിയുടെ വാക്കുകൾ ഇങ്ങനെ...
ബെംഗളൂരുവിലുള്ള എന്റെ സഹോദരന്റെ വീട്ടിൽ ഞാൻ ഈയിടെ പോയിരുന്നു. അവിടെ തൊട്ടടുത്ത് വാടകയ്ക്ക് ഒരാൾ താമസിച്ചിരുന്നു. അയാൾ എന്നെ കാണാൻ വന്നിരുന്നു. ഞാനിപ്പോഴും ഓർക്കുന്നു, അയാളുടെ പേര് നന്ദുലാൽ എന്നായിരുന്നു. അറുപത് വയസ്സിലേറെ അയാൾക്ക് പ്രായമുണ്ടായിരുന്നു. അയാൾ എന്നോട് ചോദിച്ചു, 'ഈ തലമുടിക്ക് എന്ത് സംഭവിച്ചു?'. ഞാൻ പറഞ്ഞു, 'അതെല്ലാം പോയി, അത് വിട്ടുകളയൂ.'
അയാൾ; നിങ്ങൾ ജോലിയിൽ നിന്ന് വിരമിച്ചുവോ?
ഞാൻ; ഞാൻ സിനിമയിലാണ് ജോലി ചെയ്യുന്നത്
അയാൾ; സത്യം! ഏത് സിനിമയിൽ?
ഞാൻ; റോബോട്ട്, ഐശ്വര്യ റായിയാണ് നായിക?
അയാൾ; അപ്പോൾ ആരാണ് നായകൻ?
ഞാൻ; ഞാൻ തന്നെ
അയാൾ; നിങ്ങളോ? (പരിഹാസത്തോടെ)
അയാളുടെ മക്കൾ അപ്പോൾ പറഞ്ഞു, രജനികാന്ത് ഇപ്പോഴും നായകനായാണ് അഭിനയിക്കുന്നത്. അയാൾ എന്നെ തുറിച്ചു നോക്കി. പിന്നീട് അയാൾ കുറച്ച് മാറി ആരോടൊക്കെയോ സംസാരിക്കുന്നത് ഞാൻ കേട്ടു, 'തലയിൽ മുടിയില്ല, നല്ല പ്രായമുണ്ട്, ഐശ്വര്യയാണത്രേ നായിക. അതും ഇയാൾക്കൊപ്പം. ഈ ഐശ്വര്യാ റായിക്ക് ഇതെന്ത് സംഭവിച്ചു? അമിതാഭ് ബച്ചന് എന്ത് സംഭവിച്ചു? അഭിഷേക് ബച്ചന് എന്ത് സംഭവിച്ചു?.' അയാൾ പിറുപിറുക്കുന്നത് ഞാൻ കേട്ടു.
എന്തായാലും പ്രിയപ്പെട്ട ഐശ്വര്യാ ജീ, എന്റെ നായികയായി അഭിനയിക്കാൻ സമ്മതിച്ചതിന് ഒരുപാട് നന്ദിയുണ്ട്- രജനി പറഞ്ഞു.
ശങ്കർ സംവിധാനം ചെയ്ത എന്തിരൻ 2010 ലാണ് പുറത്തിറങ്ങിയത്. ഡാനി ഡെൻസോഗപ, കരുണാസ്, സന്താനം, കലാഭവൻ മണി, കൊച്ചിൻ ഹനീഫ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ വേഷമിട്ടിരുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..