Photo:twitter.com/sri50
20 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്ത് ചിത്രം ബാബ തിയേറ്ററുകളിലെത്തുകയാണ്. സൂപ്പര്‍നാച്ചുറല്‍ ത്രില്ലറായൊരുങ്ങിയ ചിത്രത്തിന്റെ റീമാസ്റ്റേര്‍ഡ് പതിപ്പാണ് തിയേറ്ററുകളിലെത്തുന്നത്. ബാബയുടെ പുതിയ പതിപ്പിനായി ഡബ്ബ് ചെയ്യുന്ന രജനികാന്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു.
ദൈര്‍ഘ്യത്തിന്റെ പേരില്‍ ഏറെ പഴികേട്ടിരുന്ന ചിത്രം ഇപ്പോഴത്തെ യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ റീ എഡിറ്റ് ചെയ്തിട്ടുണ്ട്. പുതിയ ആംഗിളിലാണ് എഡിറ്റിംഗ് നടത്തിയതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഓരോ ഫ്രെയിമും പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കളര്‍ ഗ്രേഡിങ് നടത്തിയതായും അവര്‍ പറഞ്ഞു. പുതിയ പതിപ്പ് രജനിയുടെ 72-ാം ജന്മദിനമായ ഡിസംബർ 12ന് റിലീസ് ചെയ്യും.
രജനീകാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമെന്ന് വിലയിരുത്തപ്പെടുന്ന ചിത്രമാണ് ബാബ. സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ 2002-ല്‍ പുറത്തിറങ്ങിയ ചിത്രം നിര്‍മിച്ചത് രജനീകാന്ത് തന്നെയാണ്. അന്ന് ബാബ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നതും സിനിമയ്ക്കുവേണ്ടി നിക്ഷേപിച്ച തുകയുടെ 25 ശതമാനം രജിനീകാന്ത് മടക്കിനല്‍കിയതുമെല്ലാം വന്‍വാര്‍ത്തകളായിരുന്നു.
മനീഷാ കൊയ് രാള, അമരീഷ് പുരി, ആശിഷ് വിദ്യാര്‍ത്ഥി, എം.എന്‍. നമ്പ്യാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിനായി അണിനിരന്നത്. ഇവര്‍ക്ക് പുറമേ രാഘവാ ലോറന്‍സ്, രമ്യാകൃഷ്ണന്‍, നാസര്‍, പ്രഭുദേവ, രാധാരവി, ശരത് ബാബു എന്നിവര്‍ അതിഥി വേഷങ്ങളിലും എത്തിയിരുന്നു.
സാങ്കേതികമേന്മ പ്രശംസിക്കപ്പെട്ടെങ്കിലും ചിത്രം ബോക്സോഫീസില്‍ വന്‍പരാജയമാണ് ഏറ്റുവാങ്ങിയത്. ഏതെങ്കിലും രാഷ്ട്രീയ ക്യാമ്പെയിന്റെ ഭാഗമാണോ ചിത്രം എന്നുവരെ അക്കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പുകവലിച്ചുകൊണ്ട് നില്ക്കുന്ന നായകന്റെ പോസ്റ്ററുകള്‍ യുവാക്കളെ വഴിതെറ്റിക്കുന്നതായും വിമര്‍ശനമുയര്‍ന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ ആക്രമിക്കപ്പെടുകയും ഫിലിം റോളുകള്‍ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. ചിത്രത്തിലെ സംഗീതത്തേക്കുറിച്ചും ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായ വിവാദങ്ങളേത്തുടര്‍ന്ന് അഭിനയത്തില്‍ നിന്ന് രജനീകാന്ത് വിട്ടുനിന്നിരുന്നു.
Content Highlights: rajinikanth, baba, tamil movie, remastered version
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..