ന്യൂഡല്‍ഹി: 51-ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം തന്റെ കൂട്ടുകാരനായ ഡ്രൈവർക്കു സമർപ്പിച്ച് നടൻ രജനികാന്ത്. ‌സിനിമയിലെത്തുന്നതിന് മുമ്പ് ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന സമയത്തെ ഉറ്റ സുഹൃത്തായിരുന്ന ഡ്രൈവർ രാജ് ബഹദൂറിനാണ് രജനി പുരസ്കാരം സമർപ്പിച്ചത്. കർണാടക ട്രാൻസ്പോർട്ടിലെ ​ഡ്രൈവറായിരുന്ന രാജ് ബഹദൂറാണ് തന്റെയുള്ളിലെ നടനെ കണ്ടെത്തുകയും സിനിമയിൽ ഭാ​ഗ്യം പരീക്ഷിക്കാൻ നിർദേശിച്ചതെന്നും രജനി പറഞ്ഞു.  

തന്റെ ആദ്യചിത്രമായ അപൂർവരാ​ഗങ്ങളുടെ സംവിധായകൻ കെ. ബാലചന്ദറിനും സഹോദരൻ സത്യനാരായണ റാവുവിനും തന്റെ എല്ലാ സംവിധായകർക്കും നിർമാതാക്കൾക്കും തീയേറ്റർ ഉടമകൾക്കും ടെക്നീഷ്യന്മാർക്കും ആരാധകർക്കും ഈ അവാർഡ് സമർപ്പിക്കുന്നതായി രജനികാന്ത് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പറഞ്ഞു.

ഭാര്യ ലത, മകൾ ഐശ്വര്യ, മരുമകൻ ധനുഷ് എന്നിവർക്കൊപ്പമാണ് രജനി പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത്. അസുരൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇത്തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയത് ധനുഷാണ്. ഡല്‍ഹിയില്‍ നടന്ന 67-ാത് ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നാഡിയുവാണ് രജനിക്ക് പുരസ്‌കാരം സമ്മാനിച്ചത്. 

ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സര്‍ക്കാര്‍ സമ്മാനിക്കുന്ന പുരസ്‌കാരമാണ് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ നൂറാം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്. 2018-ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേതാവ്.

content highlights : Rajinikanth dedicates Dadasaheb Phalke award to his old friend bus driver Raj Bahadur K Balachander and his brother