സൂപ്പര്‍സ്റ്റാര്‍ അശോക്‌രാജ് കാതില്‍ ചുവന്ന കടുക്കനിട്ട കളിക്കൂട്ടുകാരന്‍ ബാലനെ ഓര്‍ത്തു വിതുമ്പുന്നത് ഒരു തേങ്ങലോടെയല്ലാതെ കണ്ടിരിക്കാനാവില്ല. കഥ പറയുമ്പോള്‍ എന്ന മമ്മൂട്ടി ചിത്രത്തിലെ വെള്ളിത്തിരയിലെ രംഗത്തെ കടത്തിവെട്ടിയിരിക്കുകയാണ് യഥാര്‍ഥ ജീവിതത്തില്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത്.

ഇന്ത്യയിലെ ഏറ്റവും പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ ഫാല്‍ക്കെ അവാര്‍ഡ് നേടിയ രജനിയെ അഭിനന്ദിച്ചവരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വരെയുണ്ട്. ഇവര്‍ക്കൊക്കെ ഹൃദയത്തില്‍ തൊട്ട് നന്ദി പറയുകയും ചെയ്തു രജനി. 

എന്നാല്‍, അഭിനന്ദനപെരുമഴയില്‍ ഒരാളെ രജനി മറന്നില്ല. രാജ് ബഹദൂറിനെ. രാജ് ബഹാദൂര്‍ സിനിമാക്കാരനല്ല. ഒരു ബസ് ഡ്രൈവറാണ്. ബെംഗളൂരുവില്‍ ശ്രീനഗരയില്‍ നിന്ന് മെജസ്റ്റിക്കിലേയ്ക്കുള്ള പത്താം നമ്പര്‍ ബസിലെ ഡ്രൈവറായിരുന്നു. പണ്ട് ഈ ബസിലെ കണ്ടക്ടറായിരുന്നു ശിവാജി റാവു ഗെയ്ക്‌വാദ്. ബഹാദൂറിന്റെ ഉറ്റ ചങ്ങാതി. ശിവാജി കണ്ടക്ടര്‍ ജോലി ഉപേക്ഷിച്ച് രജനികാന്ത് എന്ന സ്റ്റൈൽമന്നനായപ്പോഴും പഴയ ചങ്ങാതിയെ മറന്നില്ല. വിശേഷസമയങ്ങളില്ലെന്നാം ഓർത്ത് കൂടെ ചേർത്തു. ഇന്നും രജനിയെ ശിവാജി എന്നു വിളിക്കുന്ന അപൂര്‍വം ആളുകളില്‍ ഒരാളാണ് രാജ് ബഹാദൂര്‍. ഒരു സിനിമാനടനാവണമെന്ന തന്റെ മോഹത്തിന് കരുത്ത് പകര്‍ന്നത് രാജ് ബഹാദൂറാണെന്ന് പലവട്ടം രജനി തുറന്നുപറഞ്ഞിട്ടുണ്ട്.

ദാദാ ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചപ്പോള്‍ അതുകൊണ്ടു തന്നെ നന്ദി പറയാന്‍ രജനി ആദ്യം ഓര്‍ത്തെടുത്ത പേരുകളില്‍ ഒന്ന് ബഹാദൂറിന്റേതായിരുന്നു. എന്നിലെ നടനെ ആദ്യമായി  കണ്ടെത്തുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത രാജ് ബഹാദൂറിന് നന്ദി-രജനി കത്തില്‍ പറഞ്ഞു. പട്ടിണിയുമായി പൊരുതുന്ന കാലത്തും തന്നെ ഒരു നടനായി കാണാന്‍ വേണ്ടി എല്ല ത്യാഗവും സഹിച്ച സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്‌വാദിനോടും സിനിമയില്‍ ആദ്യ അവസരം നല്‍കിയ കെ.ബാലചന്ദറിനും രജനി നന്ദി പറഞ്ഞു.

ബെംഗളൂരുവില്‍ കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ചെയ്യുന്ന കാലത്ത് രജനിയുടെ അഭിനയമോഹം കണ്ട രാജ് ബഹാദൂറാണ് അഡയാറില്‍ അഭിനയം പഠിക്കാനുള്ള സൗകര്യമെല്ലാം ചെയ്തുകൊടുത്തത്. കെ. എസ്. ആര്‍.ടി.സി ജീവനക്കാരുടെ ക്ലബില്‍ പുരാണ നാടകങ്ങള്‍ കളിക്കുമായിരുന്ന രജനിയോട് കണ്ടക്ടറായി പ്രതിഭ തുലയ്ക്കരുതെന്ന് പറഞ്ഞതും ബഹാദൂറായിരുന്നു. വീട്ടിലെ പശു വളര്‍ത്തലില്‍ നിന്ന് കിട്ടുന്ന അധികവരുമാനം അങ്ങനെ ബഹാദൂര്‍ രജനിക്കായി മാറ്റിവച്ചു. അങ്ങനെയാണ് അഭിനയം പഠിക്കാനായി ചെന്നൈയിലേയ്ക്ക് വണ്ടികയറുന്നത്. കെ. എസ്. ആര്‍.ടി.സിയിലെ ജോലി രാജിവച്ച ശിവാജി റാവു അങ്ങനെ കെ.ബാലചന്ദറിന്റെ അപൂര്‍വ രാഗങ്ങള്‍ വഴി കമല്‍ഹാസനും ശ്രീദേവിക്കുമൊപ്പം രജനിയായി വില്ലന്‍ വേഷത്തില്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു. ശേഷം ചരിത്രം.

വലിയ നടനായെങ്കിലും രജനി ബഹാദൂറുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരുന്നില്ല. ബെംഗളൂരുവില്‍ വരുമ്പോഴെല്ലാം ഇരുവരും ഒന്നിച്ചു. പുതിയ സിനിമ ഇറങ്ങുമ്പോള്‍ വിശേഷങ്ങള്‍ പങ്കിട്ടു. വീട്ടിലെ ചടങ്ങുകള്‍ക്കെല്ലാം രജനി ബഹാദൂറിനെ പ്രത്യേകം ക്ഷണിക്കാനും ശ്രദ്ധിച്ചു.

Content Highlights: Rajinikanth Dadasaheb Phalke Award Bus Driver Raj Bahadur Narendra Modi Kamal Hassan