ജയിലറിൽ രജിനികാന്ത്, മോഹൻലാൽ | ഫോട്ടോ: സ്ക്രീൻഗ്രാബ്, മാതൃഭൂമി ലൈബ്രറി
രജിനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. ചിത്രത്തിന്റേതായി പുറത്തുവന്ന ഓരോ അപ്ഡേഷനുകളും ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് വന്ന ഒരു വാർത്ത സോഷ്യൽ മീഡിയയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കുകയാണ്.
ജയിലറിൽ സാക്ഷാൽ മോഹൻലാലും എത്തുന്നു എന്നതാണാ റിപ്പോർട്ട്. കാമിയോ വേഷമായിരിക്കും മോഹൻലാലിന്റേത് എന്നാണ് പുറത്തുവരുന്ന സൂചനകൾ. പ്രചരിക്കുന്ന വാർത്തകൾ സത്യമാണെങ്കിൽ രണ്ട് കാര്യങ്ങൾ ഉറപ്പിക്കാമെന്നാണ് ആരാധകരുടെ പക്ഷം. മോഹൻലാലും രജിനികാന്തും ഒരുമിക്കുന്ന ആദ്യ ചിത്രമാവും ജയിലർ എന്നതാണ് ആദ്യത്തേത്. മൂന്ന് ഭാഷകളിലെ സൂപ്പർ താരങ്ങൾ ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന ഖ്യാതി ജയിലറിന് സ്വന്തമാവും എന്നതാണ് രണ്ടാമത്തേത്. കന്നഡയിലെ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ ജയിലറിൽ നിർണായകവേഷത്തിലുണ്ട്.
2022 ഡിസംബറിൽ പുറത്തുവന്ന ജയിലറിന്റെ ടീസറിന് വൻ വരവേല്പാണ് ലഭിച്ചത്. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷമാണ് രജിനികാന്തിന്. ചിത്രത്തിന്റെ തിരക്കഥയും സംവിധായകൻ നെൽസന്റേത് തന്നെയാണ്. തമന്നയാണ് നായിക. അനിരുദ്ധ് ആണ് സംഗീത സംവിധാനം. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രം ഈ വർഷം ഏപ്രിൽ 14-ന് തിയേറ്ററുകളിലെത്തും.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനാണ് ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം. ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്, പൃഥ്വിരാജ് ചിത്രം എമ്പുരാൻ, പ്രിയദർശന്റെ ഓളവും തീരവും തുടങ്ങിയവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റ് മോഹൻലാൽ ചിത്രങ്ങൾ.
Content Highlights: Rajinikanth and Mohanlal join hands, Jailer Movie, Nelson New Movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..