ചെന്നൈ: രാഷ്ട്രീയ പ്രവേശത്തെ സംബന്ധിച്ച തീരുമാനം ഉടന്‍ അറിയിക്കുമെന്ന് രജനികാന്ത്. രജനി മക്കള്‍ മണ്‍ഡ്രത്തിന്റെ യോഗത്തിന് ശേഷമാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

''ഞാന്‍ സംഘടനയുടെ ജില്ലാ സെക്രട്ടറിമാരെ കണ്ടു. അവര്‍ അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞു. ഞാന്‍ എന്ത് തന്നെ തീരുമാനിച്ചാലും എനിക്കൊപ്പം നില്‍ക്കുമെന്ന് അവര്‍ പറഞ്ഞു. എന്റെ തീരുമാനം ഉടനെ അറിയിക്കും''- രജനി പറഞ്ഞു. 

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രജനി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കോവിഡ് സാഹചര്യത്തില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുന്നയാളാണ് അദ്ദേഹം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്നാക്കം പോകുന്നു എന്ന് സൂചിപ്പിച്ച് ഒരു മാസം മുന്‍പ് രജനിയുടെ പേരില്‍ ഒരു കത്ത് പ്രചരിക്കുകയും ചെയ്തു

എന്നാല്‍ കത്ത് തന്റേതല്ലെന്ന് വ്യക്തമാക്കിയ താരം ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് വെളിപ്പെടുത്തി. എന്നിരുന്നാലും പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് രജനി പിന്നീട് പ്രതികരിച്ചു. അതിനുശേഷം ആദ്യമായാണ് രജനി മക്കള്‍ മണ്‍ഡ്രത്തിന്റെ യോഗം നടക്കുന്നത്.

Content Highlights: Rajinikanth Says Decision Soon On Polls, RMM