ശരത് ബാബു, രജിനികാന്ത് | ഫോട്ടോ: പി.ടി.ഐ, ട്വിറ്റർ
അന്തരിച്ച നടന്‍ ശരത് ബാബുവിനെ അനുസ്മരിച്ച് സൂപ്പര്‍ സ്റ്റാര്‍ രജിനികാന്ത്. തന്റെ പുകവലി സ്വഭാവം നിര്‍ത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്ന സുഹൃത്തായിരുന്നു ശരത് ബാബുവെന്ന് രജിനി മാധ്യമങ്ങളോട് പ്രതികരിച്ചു. ശരത് ബാബു കാണാതെയാണ് താന്‍ പിന്നെ പുകവലിച്ചിരുന്നതെന്നും രജിനി ഓര്‍മിച്ചു.
ശരത് ബാബുവിനെ താനൊരിക്കലും ഗൗരവത്തോടെയോ ദേഷ്യത്തോടെയോ കണ്ടിട്ടില്ലെന്ന് രജിനികാന്ത് പറഞ്ഞു. ഞങ്ങളിരുവരും ഒരുമിച്ചഭിനയിച്ച മുള്ളും മലരും, മുത്തു, അണ്ണാമലൈ, വേലൈക്കാരന്‍ തുടങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു. എന്നോടെപ്പോഴും സ്‌നേഹവും വാത്സല്യവും പ്രകടിപ്പിച്ചിരുന്നു. ദീര്‍ഘനാള്‍ ആരോഗ്യത്തോടെയിരിക്കാന്‍ പുകവലി നിര്‍ത്തണമെന്ന് അദ്ദേഹം ഉപദേശിച്ചിരുന്നു. ഞാന്‍ പുകവലിക്കുന്നത് കാണുമ്പോള്‍ എന്റെ ചുണ്ടില്‍ നിന്ന് ആ സിഗരറ്റെടുത്ത് കെടുത്തി കളയും. പിന്നെപ്പിന്നെ എന്റെ പുകവലി അദ്ദേഹം കാണാതെ ഒളിച്ചായി എന്നും രജിനി പറഞ്ഞു.
'അണ്ണാമലൈ'യിലെ ഒരു രംഗം എടുക്കുന്നതിനിടെ പുകവലിച്ചു കൊള്ളാന്‍ ശരത് ബാബു തന്നെ അനുവദിച്ച കാര്യവും രജിനി പറഞ്ഞു. അണ്ണാമലൈ എന്ന ചിത്രത്തില്‍ ഞങ്ങള്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പരസ്പരം വെല്ലുവിളിക്കുന്ന ഒരു രംഗമുണ്ട്. പലതവണ റീടേക്കുകള്‍ എടുത്തിട്ടും ശരിയാവുന്നില്ല. ഒരു സിഗരറ്റ് വലിച്ചിട്ട് ചെയ്യാമെന്ന് ശരത് ബാബു നിര്‍ദേശിച്ചു. അതിന് ശേഷമാണ് ആ ഷോട്ട് നന്നായിവന്നത്. നല്ല ആരോഗ്യത്തോടെയിരിക്കണമെന്ന് എന്നോട് എപ്പോഴും പറഞ്ഞിരുന്നയാള്‍ ഇപ്പോഴില്ല. രജിനി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് അണുബാധയെ തുടര്‍ന്ന് ചെന്നൈ എ.ഐ.ജി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശരത്ബാബു അന്തരിച്ചത്. ആരോഗ്യനില മോശമായ ശരത് ബാബുവിനെ ഏപ്രില്‍ 20-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1973-ല്‍ സിനിമയിലെത്തിയ ശരത് ബാബു തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി 200-ഓളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ശരപഞ്ജരം, ധന്യ, ഡെയ്‌സി, ശബരിമലയില്‍ തങ്ക സൂര്യോദയം, കന്യാകുമാരിയില്‍ ഒരു കവിത, പൂനിലാമഴ, പ്രശ്‌ന പരിഹാര ശാല തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Content Highlights: rajinikanth about late actor sarath babu, rajinikanth and sarath babu movies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..