സ്റ്റാര്‍കാസ്റ്റ് ഇല്ലെങ്കിലും മലയാളത്തില്‍ സിനിമകള്‍ക്ക് നിലനില്‍പ്പുണ്ടെന്ന് ബോധ്യപ്പെടുത്തിയ കാലത്ത് സമാനമായ മറ്റൊരു പരീക്ഷണത്തിനായി സംവിധായകരായ രാജീവ് രവിയും ലാല്‍ ജോസും കൈകോര്‍ക്കുന്നു. നവാഗതനായ ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന കിസ്മത്ത് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചിരിക്കുന്നത്. 

കിസ്മത്തിന്റെ നിര്‍മ്മാണം രാജീവ് രവി ഏറ്റെടുത്തപ്പോള്‍ ചിത്രത്തിന്റെ വിതരണം ലാല്‍ ജോസിന്റെ എല്‍.ജെ. ഫിലിംസ് ഏറ്റെടുത്തു. ലെന്‍സ്, ഒഴിവു ദിവസത്തെ കളി തുടങ്ങിയ സ്റ്റാര്‍കാസ്റ്റ് ഇല്ലാത്ത ചിത്രങ്ങള്‍ വിജയിച്ചതിന് പിന്നാലെയാണ് പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി യഥാര്‍ത്ഥത്തില്‍നടന്ന പ്രണയകഥയുമായി ഷാനവാസ് എത്തുന്നത്. 

ഈ സിനിമയ്ക്ക് ആധാരമായ കഥ നടന്നത് മലപ്പുറത്തെ പൊന്നാനിയിലാണ്. അനിത എന്നൊരു ചരിത്ര ഗവേഷകയുടെയും ഇര്‍ഫാന്‍ എന്നൊരു ബി.ടെക് വിദ്യാര്‍ത്ഥിയുടെയും പ്രണയമാണ് ചിത്രം പറയുന്നത്. നടന്‍ അബിയുടെ മകന്‍ ഷെയ്ന്‍ നിഗമാണ് നായകന്‍. ശ്രുതി മേനോനാണ് അനിതയുടെ വേഷത്തില്‍ അഭിനയിക്കുന്നത്. കമ്മട്ടിപ്പാടം, അന്നയും റസൂലും എന്നീ രാജീവ് രവി സിനിമകളില്‍ ഷെയ്ന്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. 

സബ് ഇന്‍സ്‌പെക്ടര്‍ അജയ് സി. മേനോനായി കിസ്മത്തില്‍ എത്തുന്നത് വിനയ് ഫോര്‍ട്ടാണ്. ശക്തമായ കഥാപാത്രമാണ് വിനയ് ഇതില്‍ അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇവര്‍ക്ക് പുറമെ പി. ബാലചന്ദ്രന്‍, സുനില്‍ സുഗദ, അലന്‍സിയര്‍, ജയപ്രകാശ് കുളൂര്‍, സജിത മഠത്തില്‍ എന്നിവരും കിസ്മത്തില്‍ അഭിനയിക്കുന്നു. കേരളാ കഫേയില്‍ അന്‍വര്‍ റഷീദ് ചിത്രമായ ബ്രിഡ്ജിന് ഛായാഗ്രഹണം നിര്‍വഹിച്ച സുരേഷ് രാജാണ് ക്യാമറ. അന്‍വര്‍ അലി, റഫീഖ് അഹമ്മദ്, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ എന്നിവരുടെ വരികള്‍ക്ക് നവാഗതരായ സുമേഷ് പരമേശ്വരനും ഷമേജ് ശ്രീധരനും സംഗീതം നല്‍കുന്നു. പൂര്‍ണമായും പൊന്നാനിയില്‍ ചിത്രീകരിച്ച ഈ സിനിമ ജൂലായ്‌ 29ന് തിയേറ്ററുകളില്‍ എത്തും.