മുകേഷ്-മേതില്‍ ദേവിക വിവാഹമോചനവാര്‍ത്തകള്‍ക്ക് പിന്നാലെ സോഷ്യല്‍  മീഡിയയില്‍ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരേ നിര്‍മാതാവും എഴുത്തുകാരനുമായ രാജീവ് ഗോവിന്ദന്‍. മേതില്‍ ദേവികയുടെ മുന്‍ഭര്‍ത്താവ് താനാണെന്ന പേരില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കിയെന്ന് രാജീവ് ഗോവിന്ദന്‍ പറയുന്നു. താന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി മടുത്തുവെന്നും വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും രാജീവ് ഗോവിന്ദന്‍ വ്യക്തമാക്കി.

സച്ചി-പൃഥ്വി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അനാര്‍ക്കലിയുടെ നിര്‍മാതാവാണ് രാജീവ്. പൃഥ്വിരാജ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കാളിയന്‍ നിര്‍മിക്കുന്നതും രാജീവാണ്.

രാജീവ് ഗോവിന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ആ രാജീവ് നായര്‍ ഞാനല്ല...

മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് രാജീവ് നായര്‍ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. 'ലൗവ് റീല്‍സ്' എന്നൊരു ഓണ്‍ലൈന്‍ മാധ്യമം ഈ വാര്‍ത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം. ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭര്‍ത്താവായിരുന്ന രാജീവ് നായര്‍ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എന്റെ കവിതകളെയും മേതില്‍ ദേവികയ്ക്ക് ചാര്‍ത്തി നല്‍കി. ഭാവനാസമ്പന്നമായ കഥകള്‍ ചമച്ചു. എന്ത് മാധ്യമ പ്രവര്‍ത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനം.
ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാന്‍ എന്റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതില്‍ വലിച്ചിഴച്ചു. ദേവികയുടെ പുത്രന്റെ പിതൃത്വവും എന്റെ ചുമലില്‍ ചാര്‍ത്തി. 

എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭര്‍ത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ 'രാജീവ് 'മാരും ഒന്നല്ല.

വാര്‍ത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാര്‍ തന്നെയാണ്. എന്നെ അപമാനിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ  ലൗറീല്‍സ് പിന്‍വലിക്കുക. നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
രാജീവ് ഗോവിന്ദന്‍

Content Highlights: Rajeev Govindan on fake news after Methil devika Mukesh divorce