രാജസേനൻ | ഫോട്ടോ: www.facebook.com/profile.php?id=100070013485175
തിരുവനന്തപുരം: ബി.ജെ.പിയിൽ ചേർന്നത് നഷ്ടങ്ങൾ മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ എന്ന് സംവിധായകൻ രാജസേനൻ. ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക് പോകുകയാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററെ കണ്ട് കാര്യങ്ങൾ ചർച്ച ചെയ്തതായും സംവിധായകൻ പറഞ്ഞു.
ശനിയാഴ്ചയാണ് താൻ ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക് പോവുകയാണെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ രാജസേനൻ പ്രഖ്യാപിച്ചത്. സി.പി.എം പ്രവേശനത്തിന് മുന്നോടിയായി അദ്ദേഹം സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററെ കണ്ടിരുന്നു. മോദിയുടെ വ്യക്തിപ്രഭാവം കണ്ടാണ് ബി.ജെപിയിൽ ചേർന്നതെന്ന് രാജസേനൻ പറഞ്ഞു. ആ പ്രത്യയ ശാസ്ത്രത്തോട് താത്പര്യമുണ്ടായിരുന്നുവന്നതും സത്യമാണ്. പക്ഷേ കേരളത്തിൽ പ്രവർത്തിക്കുമ്പോൾ എവിടെയൊക്കെയോ വലിയ പാളിച്ചകൾ സംഭവിക്കുന്നുവെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിൽ പാളിച്ചകളുണ്ട്. അരുവിക്കര മണ്ഡലത്തിൽ മത്സരിച്ചപ്പോൾ കയ്യിൽ നിന്ന് സാമാന്യം നല്ല രീതിയിൽ കാശുപോയിട്ടുണ്ട്. അത്രയും പോവുമെന്ന് അറിയില്ലായിരുന്നു. രാഷ്ട്രീയ പാർട്ടികളെല്ലാം എ ക്ലാസ്, ബി ക്ലാസ് എന്ന് തിരിച്ചാണല്ലോ നേതാക്കൾക്ക് പൈസ കൊടുക്കുന്നത്. ഞങ്ങളെപ്പോലുള്ള കലാകാരന്മാർ ബി ക്ലാസിലായിരുന്നു. അപ്പോൾ സ്വാഭാവികമായും പ്രചാരണത്തിന് കിട്ടിയ തുക കുറവായിരുന്നു. അപ്പോൾ ഒരുപാട് കാര്യങ്ങൾ കയ്യിൽ നിന്ന് മുടക്കി ചെയ്യുകയായിരുന്നു." രാജസേനൻ വ്യക്തമാക്കി.
മാഷ് തീരുമാനിച്ചോളൂ എന്നാണ് ഗോവിന്ദൻ മാസ്റ്ററോട് പറഞ്ഞത്. സി.പി.എമ്മിന്റെ കലാസാംസ്കാരിക രംഗം ശക്തമാണെന്നും ആ മേഖലയിൽ അങ്ങ് പ്രവർത്തിച്ച് തുടങ്ങിക്കോളൂ എന്നാണ് മാസ്റ്റർ പറഞ്ഞത്. രാഷ്ട്രീയക്കാരനായി മാറണം, പാർട്ടി ടിക്കറ്റ് വേണം തുടങ്ങിയ ആഗ്രഹം വരുമ്പോൾ, അല്ലെങ്കിൽ ഞങ്ങൾക്ക് തോന്നുമ്പോൾ ഞങ്ങളും പറയാം എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബി.ജ.പിയിലേക്ക് പോയപ്പോൾ സിനിമയിലെ സുഹൃത്തുക്കളെല്ലാം നന്നായി അകന്നു. നോക്കി ചിരിച്ചുനടന്നവർ തിരിഞ്ഞുനടന്ന സംഭവങ്ങളെല്ലാം ഉണ്ടായിട്ടുണ്ടെന്നും രാജസേനൻ കൂട്ടിച്ചേർത്തു.
Content Highlights: rajasenan to join cpim, rajasenan about joining cpim
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..