സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജനി ചിത്രമാണ് ദര്‍ബാര്‍. രജനിയും ഹിറ്റ്‌മേക്കറായ എ.ആര്‍.മുരുകദോസും ആദ്യമായി ഒന്നിക്കുന്നതിനാല്‍ ആരാധകര്‍ ആവേശത്തിലാണ്.  മാസ്സ് ആക്ഷന്‍ ചിത്രമായ  ദര്‍ബാറില്‍ തെന്നിന്ത്യന്‍ താര റാണി നയന്‍താരയാണ് രജനിയുടെ നായിക എന്നതാണ് മറ്റൊരു പ്രത്യേകത. വളരെ നാളുകള്‍ക്ക് ശേഷം രജിനി പോലീസ് വേഷം ചെയ്യുന്നു എന്ന സവിശേഷതയും ദര്‍ബാറിനുണ്ട്.  

'മുംബൈയില്‍ നടക്കുന്ന ഒരു പോലീസ് സ്റ്റോറിയാണ് ദര്‍ബാര്‍. ഇതില്‍ മുംബൈ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കഥാപാത്രമാണ് രജനിയുടേത്. സിനിമയില്‍ രാഷ്ട്രീയമില്ല.   നിയമത്തിന്റെ കണ്ണു കൊണ്ട് നോക്കാതെ ധര്‍മ്മത്തിന്റെ മാര്‍ഗത്തിലൂടെ നടക്കുന്ന ആളാണ് എന്നത് കൊണ്ട് ഈ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ശത്രുക്കള്‍ ഏറെ. വില്ലന്‍ സുനില്‍ ഷെട്ടിയുടെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം തടയിടുന്നൂ. അതില്‍ നായകന്‍ എങ്ങനെ വിജയിക്കുന്നു എന്നതാണ് കഥയുടെ രത്‌നച്ചുരുക്കം. 

സൂപ്പര്‍ സ്റ്റാറിനെ എങ്ങനെ നോക്കിയാലും സ്‌റ്റൈലായിരിക്കും. താടി വെച്ചാല്‍ കൂടുതല്‍ സ്‌റൈലായിരിക്കും. അതു കൊണ്ട് താടി വെച്ചു. ഇത് വിമര്‍ശന വിധേയമായി. ഇതിനെ കുറിച്ച് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് അഭിപ്രായം തേടിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലോ, മതപരമായോ അല്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി നേടിയോ പോലീസിലും മിലിട്ടറിയിലും ഉള്ളവര്‍ക്ക് താടി വളര്‍ത്താം എന്ന് അവര്‍ പറഞ്ഞു. അതു കൊണ്ട് ലോജിക്ക് പ്രശ്‌നം ഉദിക്കുന്നില്ല.

പതിവു രജനി സിനിമകളിലെന്ന പോലെ ദര്‍ബാറില്‍ ആവേശം അലതല്ലുന്ന പഞ്ച് ഡയലോഗുകള്‍ ഉണ്ട്. ഈ സിനിമ ഭാഷാ ഭേദമന്യേ ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. എങ്കിലും വര്‍ത്തമാന കാല സംഭവങ്ങള്‍ ചിലതൊക്കെ പ്രതിപാദിച്ചിട്ടുമുണ്ട്. രജനി സിനിമകളിലെ പ്രത്യേകത തന്നെ അദ്ദേഹത്തിന്റെ നിഷ്‌കളങ്കതയും ഹാസ്യവുമാണ് . എന്നാല്‍ പത്തു വര്‍ഷമായി അദ്ദേഹം അതില്‍ നിന്നും അകന്ന പോലെ തോന്നി. ദര്‍ബാറില്‍ തൊണ്ണൂറുകളിലെ രജനിയെ വീണ്ടും കാണാം. അതേ സമയം പുതിയ അപ്‌ഡേറ്റുകളുമായിട്ടാണ് അദ്ദേഹം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുക. പ്രായമായാല്‍ ചിലരുടെ ശബ്ദത്തിന് മാറ്റം വരും , മുഖം ക്ഷീണിക്കും. എന്നാല്‍ രജനിയുടെ ശരീരം മാത്രമല്ല മനസ്സും ചെറുപ്പമാണ്. ഇപ്പോഴും അദ്ദേഹം ഫോര്‍ട്ടി പ്ലസ് യുവാവാണ്.

പുരുഷ മേധാവിത്വ ലോകത്ത് യാതൊരു പിന്‍ബലവും ഇല്ലാതെ സിനിമയില്‍ വിജയ പതാക നാട്ടിയ നായിക നടിയാണ് നയന്‍താര. സ്ത്രീ സമൂഹത്തിന് തന്നെ ഒരു നല്ല ഉദാഹരണമാണവര്‍. മികച്ച അഭിനേത്രി. അവരുടെ നായികാ സാന്നിധ്യവും ദര്‍ബാറിനെ കൂടുതല്‍ കളര്‍ ഫുള്ളാക്കിയിട്ടുണ്ട് . ആര്‍ക്കിടെക്ട് ആയിട്ടാണ് നയന്‍താര അഭിനയിക്കുന്നത്. സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്. മുംബയിലാണ് ദര്‍ബാര്‍ പൂര്‍ണമായും ചിത്രീകരിച്ചത്.' തന്റെ ചിത്രത്തെ കുറിച്ച് രചയിതാവും സംവിധായകനുമായ മുരുകദാസ് പറയുന്നു

ദര്‍ബാറിലെ മറ്റു പ്രധാന താരങ്ങള്‍ സുനില്‍ ഷെട്ടി, നിവേദ തോമസ്, അതുല്‍ കുല്‍ക്കര്‍ണി, യോഗി ബാബു, പ്രതീക് ബബ്ബര്‍, രവി കിഷന്‍, സൗരഭ് ശുക്ല ഹരീഷ് ഉത്തമന്‍, മനോബാല, സുമന്‍, ആനന്ദരാജ്, ബോസ്  വെങ്കട്ട്  എന്നിവരാണ്. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ലൈക്കാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാഷ്‌കരന്‍ നിര്‍മ്മിച്ച ദര്‍ബാര്‍ പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച് ജനുവരി 9 ന് ലോകമെമ്പാടും റിലീസ് ചെയ്യും. കേരളത്തില്‍ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സും എസ് ക്യൂബ് ഫിലിംസുമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Content Highlights : Rajanikanth Nayanthara Murugadoss Movie Darbar