സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായെത്തുന്ന 2.0 വിലെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. രജനിയുടെ ചിട്ടി റോബോട്ടിന്റെയും ആമി ജാക്‌സന്റെ കഥാപാത്രത്തിന്റെയും ചിത്രങ്ങളാണ് ട്വിറ്ററില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. 

2010 ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം യെന്തിരന്റെ രണ്ടാം പതിപ്പാണ് 2.0. രജനി-ശങ്കര്‍ വിജയ കൂട്ടുകെട്ടിലൊരുങ്ങുന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ സിനിമാലോകം ചിത്രത്തെ ഉറ്റുനോക്കുന്നത്. മുംബൈയില്‍ നടന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ലോഞ്ച് വലിയ തരംഗമാണ് സൃഷ്ടിച്ചത്. 

ബോളിവുഡ് താരം അക്ഷയ്കുമാര്‍ വില്ലന്‍ വേഷത്തിലെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ വലിയ പ്രത്യേകതകളിലൊന്ന്. 2.0 വിന്റെ ചിത്രീകരണം ഏപ്രില്‍ മാസത്തില്‍ പൂര്‍ത്തിയതാണ്. നേരത്തേ 2017 ഒക്ടോബറിലാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സാങ്കേതികമായി ചിത്രത്തെ മെച്ചപ്പെടുത്താന്‍  2018 ജനുവരി 25 ലേക്ക് റിലീസ് മാറ്റിവച്ചു.