ഹൈദരാബാദ്: കോവിഡ് ഭീഷണി ശക്തമാകുന്നതിനിടെ സഹായമഭ്യർത്ഥിച്ച് എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. നിരവധി പേരാണ് കോവിഡ് ആശുപത്രികളിലെ ബെഡ്ഡിനും ഓക്സിജനുമായി സഹായം അഭ്യർത്ഥിക്കുന്നത്.

ഈ അവസരത്തിൽ കോവിഡ് വിവരങ്ങളുടെ ആധികാരികത ഉറപ്പിക്കാനും സഹായ അഭ്യർത്ഥനകൾ ക്രോഡീകരിക്കാനുമായി തന്റെ പുതിയ സിനിമയുടെ ഔദ്യോ​ഗിക ട്വിറ്റർ അക്കൗണ്ട് വിട്ടുനൽകിയിരിക്കുകയാണ് സംവിധായകൻ എസ്.എസ് രാജമൗലി.

ജൂനിയർ എൻ.ടി.ആറും രാംചരണും അഭിനയിക്കുന്ന ആർ.ആർ.ആർ എന്ന ചിത്രത്തിന്റെ പേജാണ് കോവിഡ് വിവരങ്ങൾ പങ്കുവെയ്ക്കുന്നതിനായി വിട്ടുനൽകിയത്.

'സമയം കഠിനമാണ്, ആധികാരിക വിവരങ്ങൾ നൽകേണ്ട ഈ മണിക്കൂറിൽ ഞങ്ങളുടെ ടീം അതിന്റെ ശ്രമം നടത്തുന്നു. ആർആർആർ മൂവി എന്ന അക്കൗണ്ട് നിങ്ങൾക്ക് പിന്തുടരാം. നിങ്ങളിൽ കുറച്ചുപേർക്കെങ്കിലും സഹായം എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞേക്കും'.രാജമൗലി ട്വിറ്ററിലൂടെ വ്യക്തമാക്കി.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നതിനിടെയാണ് കോവിഡ് രണ്ടാം തരംഗം രൂക്ഷമായത്. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം 2020 ഒക്ടോബർ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്.

2021 ജനുവരി 8ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് റിലീസ് തിയ്യതി മാറ്റുകയായിരുന്നു. പത്ത് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക.

ചരിത്രവും ഫിക്ഷനും കൂട്ടിച്ചേർത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആർ.ആർ.ആർ എന്ന പേരിന്റെ പൂർണരൂപം.

കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളുടെ സാങ്കൽപ്പിക കഥയാണ് ചിത്രം. തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.

450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. കെ. കെ. സെന്തിൽകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആർ.ഒ ആതിര ദിൽജിത്.

content highlights : Rajamoulis RRR movies Twitter handle turns Covid helpline