Mandira Bedi, raj Kaushal
സംവിധായകൻ രാജ് കൗശലിന്റെ (49) അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. നടിയും മോഡലുമായ മന്ദിര ബേദിയുടെ ഭർത്താവായ രാജ് കൗശിലിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നായിരുന്നു. മരിക്കുന്നതിന് കുറച്ച് നിമിഷങ്ങൾക്ക് മുമ്പ് തനിക്ക് ഹൃദയാഘാതം വരുന്ന പോലെ തോന്നുന്നുവെന്ന് രാജ് മന്ദിരയോട് പറഞ്ഞുവെന്ന് വെളിപ്പെടുത്തുകയാണ് ഇരുവരുടെയും സുഹൃത്ത്.
സംഗീത സംവിധായകനായ സുലൈമാൻ മർച്ചന്റ് ആണ് ഇ ടൈംസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. "തനിക്ക് ഹൃദയാഘാതം വരുന്ന പോലെ തോന്നുന്നുവെന്ന് രാജ് മന്ദിരയോട് പറഞ്ഞു. വേഗം തന്നെ മന്ദിര സുഹൃത്തും നടനുമായ ആശിഷ് ചൗധരിയെ വിവരമറിയിച്ചു, ആശിഷ് ഉടനെ തന്നെ സ്ഥലത്തെത്തുകയും ചെയ്തു. രാജിനെ കാറിൽ കയറ്റി വേഗം ആശുപത്രിയിലേക്ക് പോയി. പക്ഷേ ആ സമയത്ത് രാജിന് ബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ലീലാവതി ഹോസ്പിറ്റലിലേക്കാണ് രാജിനെ കൊണ്ടു പോകാൻ തീരുമാനിച്ചതെന്ന് തോന്നുന്നു. പക്ഷേ ഒരു അഞ്ച് പത്ത് മിനിറ്റിനുള്ളിൽ തന്ന രാജിന് പൾസ് ഇല്ലെന്ന് അവർ തിരിച്ചറിഞ്ഞു. ഡോക്ടറുടെ അടുത്തെത്തിയപ്പോഴേക്കും വൈകിയിരുന്നു". സുലൈമാൻ വ്യക്തമാക്കുന്നു.
രാജിന് 30, 32 വയസ്സുള്ളപ്പോൾ ഒരിക്കൽ ഹൃദയാഘാതം ഉണ്ടായിയെന്നും അതിനു ശേഷം ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധ കൊടുത്തിരുന്നുവെന്നും സുലൈമാൻ പറയുന്നു.
ബുധനാഴ്ച്ച രാവിലെയായിരുന്നു രാജ് കൗശലിന്റെ മരണം സംഭവിക്കുന്നത്. ശിവാജി പാർക്ക് ശ്മശാനത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടന്നത്.
നടനായി സിനിമയിലെത്തിയ രാജ് മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പ്യാർ മെയ്ൻ കഭി കഭി, ഷാദി കാ ലഡ്ഡു, ആന്തണി കോൻ ഹേ തുടങ്ങിയവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ. 98 ൽ സ്വന്തമായി പരസ്യ കമ്പനി ആരംഭിച്ച രാജ് 800 ലധികം പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്.
വീർ, താര എന്നീ രണ്ട് മക്കളാണ് മന്ദിര-രാജ് ദമ്പതികൾക്ക്.
Content Highlights : Raj told Mandira that he was getting a heart attack’ moments before his demise says friend
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..