മുംബൈ: ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. രണ്ടായിരം കോടി രൂപയുടെ ബിറ്റ്‌കോയിന്‍ കുംഭകോണവുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യല്‍.

കുംഭകോണവുമായി ബന്ധപ്പെട്ട് നേരത്തെ ആരോപണവിധേയനായ അമിത് ഭരദ്വാജില്‍ നിന്ന് ലഭിച്ച സൂചനയനുസരിച്ചാണ് രാജ് കുന്ദ്രയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.

ദിവസേന ഒരു കോടി രൂപ വിലവരുന്ന ബിറ്റ്‌കോയിന്‍ ഇടപാട് നടത്തിയവര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. ഈ പേരുകള്‍ വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡെറക്ടറേറ്റിന് കൈമാറി. ഇതിനെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിറ്റ്‌കോയിന്‍ ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളിപ്പക്കല്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷണം നടത്തിയത്.

അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യംചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് വിളിച്ചുവരുത്തിയവരില്‍ രാജ് കുന്ദ്രയ്ക്ക് പുറമെ ബോളിവുഡുമായി ബന്ധമുള്ള നിരവധി പേര്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.

രാജസ്ഥാന്‍ റോയല്‍സിന്റെ സഹ ഉടമ കൂടിയായ രാജ് കുന്ദ്ര നേരത്തെ ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ഉള്‍പ്പെടുകയും ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്ക് നേരിടുകയുമാണ്. ഈ വിലക്ക് നീക്കാന്‍ സുപ്രീം കോടതിയെ സമീപിച്ചിരുക്കുകയാണ് കുന്ദ്ര.

Content Highlights: Raj Kundra Shilpa Shetty Bitcoin Bollywood IPL Rajasthan Royals Enforcement Directorate