മുംബൈ: തെളിവ് നശിപ്പിക്കാൻ തുടങ്ങിയതിനാലാണ് വ്യവസായിയും ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെയും സഹായി റയാൻ തോർപെയെയും പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ബോംബൈ ഹൈക്കോടതിയിൽ അറിയിച്ചു.

രാജ് കുന്ദ്രയുടെ ഓഫീസിൽനിന്നും വീട്ടിൽ നിന്നുമായി രണ്ടു ആപ്പുകളിലെ 51 നീലച്ചിത്രങ്ങൾ മുംബൈ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. കുന്ദ്രയും തോർപെയും വാട്‌സാപ്പ് ചാറ്റുകളും ഗ്രൂപ്പുകളും ഡിലീറ്റ് ചെയ്ത് തെളിവുനശിപ്പിക്കാൻ ശ്രമിച്ചതോടെയാണ് അറസ്‌റ്റ് ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അരുണ പൈ കോടതിയെ അറിയിച്ചു.

അറസ്റ്റിലായതോടെ കുന്ദ്രയുടെ അഭിഭാഷകൻ അബാദ് പോണ്ട വഴി ബോംബൈ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അറസ്റ്റിനെ ചോദ്യംചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കേസ് വീണ്ടും വാദം കേൾക്കാനായി മാറ്റി. അന്വേഷണത്തിൽ സഹകരിക്കുന്നതിന് പകരം തെളിവ് നശിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. തെളിവ് നശിപ്പിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. ഇത് ഒഴിവാക്കാനായിരുന്നു ഇവരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

കൂടാതെ കുന്ദ്രയുടെ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, സ്റ്റോറേജ് ഏരിയ നെറ്റ്‌വർക്ക് എന്നിവയിൽനിന്ന് കൂടുതൽ രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.

Content Highlights: Raj Kundra, others destroyed evidence says public prosecutor