മോഡലായി കരിയര്‍ ആരംഭിച്ച് ടെലിവിഷന്‍ പരസ്യചിത്രങ്ങളിലൂടെ അഭിനയത്തിലെത്തി, ബോളിവുഡിലെ തിരക്കുള്ള നായികമാരിലൊരാളായി മാറിയ നടിയാണ് ശില്‍പ ഷെട്ടി. ചെറിയ റോളുകളിലൂടെ സിനിമയില്‍ സജീവമായ നടി പിന്നീട് 1994ൽ പുറത്തിറങ്ങിയ ആഗിലാണ് ആദ്യമായി നായികയായത്. ഹിന്ദി കൂടാതെ തെന്നിന്ത്യന്‍ ഭാഷകളിലും വ്യത്യസ്ത വേഷങ്ങളില്‍ അഭിനവപ്രതിഭ തെളിയിച്ച നടി വ്യവസായി രാജ് കുന്ദ്രയുമായുള്ള വിവാഹശേഷം സിനിമയ്ക്കു ചെറിയ ഇടവേള നല്‍കിയിരുന്നു. പ്രായത്തെ വെല്ലുന്ന ലുക്കാണ് ശില്‍പയെക്കുറിച്ച് ആരാധകര്‍ കൗതുകപൂര്‍വം പറയുന്ന ഒരു പ്രത്യേകത. ശില്‍പ ഷെട്ടി അന്നും ഇന്നും മെലിഞ്ഞിരിക്കുന്നു എന്നാണ് ആരാധകരുടെ വാദം.

ശില്‍പയുടെ ജന്മദിനമാണ് ശനിയാഴ്ച. തന്റെ പ്രിയ പത്‌നിക്ക് ആശംസകളറിയിച്ചുകൊണ്ട് ഭര്‍ത്താവ് രാജ് സ്‌നേഹപൂര്‍വം പങ്കു വെക്കുന്ന കുറിപ്പാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ശില്‍പയെ എത്രത്തോളം സ്‌നേഹിക്കുന്നുവെന്നു വാക്കുകള്‍ കൊണ്ടു നിര്‍വചിക്കാനാവില്ലെന്നും രാജ് കുറിക്കുന്നു. മാത്രമല്ല, പ്രായം എന്നത് കേവലം ഒരു അക്കം മാത്രമാണെന്നു തെളിയിച്ചവളാണ് തന്റെ പ്രിയ പത്‌നിയെന്നും രാജ് കുന്ദ്ര പറയുന്നു.

രാജ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച കുറിപ്പിന്റെ ഉള്ളടക്കം

എന്റെ ജീവിതയാത്രയില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ദൈവത്തോട് നന്ദി പറയാന്‍ തോന്നുകയാണ്. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട മാലാഖയെ എനിക്കു തന്നതിന്. എനിക്ക് ലഭിച്ച അനുഗ്രഹമാണ് നീ. ഞാന്‍ നിന്നെ എത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് എനിക്ക് പറയാനറിയില്ല. പ്രായം വെറുമൊരു അക്കമാണെന്നു തെളിയിച്ച നിനക്ക് സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു.. നിന്റെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമെല്ലാം പൂവണിയട്ടെ.. ആരോഗ്യപൂര്‍ണവും സന്തോഷത്തോടെയും മുന്നോട്ട് കൊണ്ടുപോകുന്ന ജീവിതരീതികളിലൂടെ പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് നീ തെളിയിച്ചതാണ്. ഞങ്ങള്‍ക്കെല്ലാം പ്രചോദനമാകുന്നതിന് നന്ദി.. 

രാജ് കുന്ദ്രയുടെ വികാരഭരിതമായ ഈ കുറിപ്പ് സിനിമാലോകത്ത് ചര്‍ച്ചയാവുകയാണ്. ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഉടമകളായിരിക്കെ 2009 ഫെബ്രുവരിയിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടക്കുന്നത്. നവംബറില്‍ വിവാഹിതരുമായി. വിയാന്‍ രാജ് കുന്ദ്ര എന്നൊരു മകനും ഈ ദമ്പതികള്‍ക്കുണ്ട്.

raj kundra

Content Highlights : Raj Kundra instagram post about his wife Shilpa Shetty actress, birthday special