മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്ക്കെതിരെ ആരോപണവുമായി നടി സാഗരിക ഷോണ സുമന്‍. തന്നെയും രാജ് കുന്ദ്രയും സംഘവും ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു.  

ഓഡീഷന് നഗ്നവീഡിയോ അയക്കാനാണ് കുന്ദ്ര ആവശ്യപ്പെട്ടത്. എന്നാല്‍ ഞാന്‍ വിസമ്മതിച്ചു. പിന്നീട് ഓഡീഷന് പോയില്ല. ഒരുപാട് ആളുകളുടെ ജീവിതം നശിപ്പിച്ചവരാണ് ഇവര്‍- സാഗരിക സുമന്‍ ആരോപിച്ചു.

മുംബൈ ക്രൈംബ്രാഞ്ചാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തിത്. ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധിപേര്‍ പരാതി നല്‍കിയെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പോലീസ് വ്യക്തമാക്കി.ഈ വര്‍ഷം ഫെബ്രുവരിയില്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ ഗെഹാന വസിഷ്ഠിനെയും മറ്റ് ചിലരെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് രാജ് കുന്ദ്രയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. 

അനധികൃത ആപ്പുകളിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. രാജ് കുന്ദ്രയ്ക്ക് ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു നിര്‍മാണ കമ്പനിയുണ്ട്. ഈ കമ്പനിയുടെ മറവിലാണ് നിലച്ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. രാജ് കുന്ദ്രയും സുഹൃത്ത്  പ്രദീപ് ബക്ഷിയുടെയും ഉടമസ്ഥതയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇരുവരും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റുകളും തെളിവാണ്. കോടികളുടെ സമ്പാദ്യമാണ് നീലച്ചിത്രങ്ങളില്‍ നിന്ന് ഇരുവരും നേടിയതെന്നും പോലീസ് പറയുന്നു.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, സ്ത്രീകളുടെ മോശമായി ചിത്രീകരിക്കുന്നത് തടയുന്നതിനുള്ള നിയമം, അശ്ശീല ഉള്ളടക്കം തടയുന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലുള്ള വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തത്. കുന്ദ്രയുമായി ബന്ധമുള്ള ഒരു സ്റ്റാര്‍ട്ട്അപ്പ് സംരംഭത്തിലെ ജോലിക്കാരനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര മൊഴി നല്‍കിയത് പ്രകാരമാണ് അയാളെ അറസ്റ്റ് ചെയ്തത്. 

കുന്ദ്രയെ മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ ആളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും പോലീസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlights: Raj Kundra Arrested Sagarika Shona Suman claims Raj Kundra asked her for nude audition